കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം. ബാങ്കുരയിലെ ഓണ്ട സ്റ്റേഷനിൽ ആയിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ചരക്ക് തീവണ്ടികളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോഗികൾ തെന്നിമാറി. 12 ബോഗികളാണ് തെന്നിമാറിയത്. അപകടത്തിൽ ഒരു തീവണ്ടിയുടെ ലോക്കോ പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്.
സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. അപകട സമയം ഇരു തീവണ്ടികളിലും ചരക്കുകൾ ഉണ്ടായിരുന്നില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ബോഗികൾ മറിഞ്ഞതിനെ തുടർന്ന് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ബോഗികൾ മാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post