കവരത്തി: അഴിമതി കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും പരിശോധന. ഇഡിയാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി.
രാവിലെയോടെയായിരുന്നു ഇഡി പരിശോധന ആരംഭിച്ചത്. മുഹമ്മദ് ഫൈസലിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കോഴിക്കോടുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ സുഹൃത്തിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. മുഹമ്മദ് ഫൈസലിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഇഡിയുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ലക്ഷദ്വീപിൽ നിന്നും ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫൈസലിനെതിരെ ഇഡി അന്വേഷണം നടക്കുന്നത്. ഉയർന്ന വില വാഗ്ദാനം ചെയ്ത് മത്സ്യം ശേഖരിച്ച ശേഷം ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴി കയറ്റുമതി ചെയ്ത് തൊഴിലാളികൾക്കും സഹകരണ സ്ഥാപനത്തിനും പണം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഒൻപത് കോടി രൂപയുടെ നഷ്ടമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ സിബിഐ നേരത്തെ മുഹമ്മദ് ഫൈസലിനെതിരെ കേസ് എടുത്തിരുന്നു.










