പെഷവാർ; പാകിസ്താനിലെ പെഷവാറിൽ സിഖ് വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. അജ്ഞാതരായ തോക്കുധാരികൾ ഇയാൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മൻമോഹൻ സിംഗ് എന്ന സിഖ് വംശജനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങളിൽ ഒടുവിലത്തേതാണിത്.
പെഷവാറിലെ റഷീദ് ഗാർഹിയിൽ നിന്നും തലസ്ഥാന നഗരത്തിലേക്ക് വരികയായിരുന്നു ഇയാൾ. ഇതിനിടെ ഗുൽദാര ചൗക്ക് കക് ഷാലിൽ വെച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിനിപ്പുറം മരിച്ചിരുന്നു.
യാക്കാ ടൂട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്ന സ്ഥലം. രണ്ട് ദിവസത്തിനുളളിൽ മേഖലയിൽ സിഖ് വിഭാഗത്തിൽപെട്ടവർക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് സംഭവം. വെളളിയാഴ്ച ഒരു സിഖ് വംശജന് കാലിൽ വെടിയേറ്റ് പരിക്കേറ്റിരുന്നു. മാർച്ചിൽ ഒരു സിഖ് വ്യവസായി ഇവിടെ വെടിയേറ്റ് കൊല്ലപ്പെട്ടതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സിഖ് വിഭാഗങ്ങൾ കൂടുതൽ താമസിക്കുന്ന പാകിസ്താനിലെ സ്ഥലങ്ങളിലൊന്നാണ് പെഷവാർ. 15000 ത്തോളം സിഖ് വിശ്വാസികളാണ് ഇവിടെയുളളത്. ബിസിനസ് നടത്തുന്ന ഇവരിൽ അധികവും താമസിക്കുന്നത് ജോഗൻ ഷാ പ്രദേശത്താണ്.
Discussion about this post