മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ കൊല്പലപ്പെട്ടു. നിരവധി വീടുകൾ ഒലിച്ചുപോയി. വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200ഓളം പേർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഘവിസ്‌ഫോടനത്തിന് പിന്നാലെയാണ് പ്രദേശത്ത് വലിയ ഉരുൾപൊട്ടലുണ്ടായത്.
സേളൻ, ഹാമിൽപൂർ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത് പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ബാഗിൽപൂർ മേഖലയിൽ ഉൾപ്പെടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മാണ്ഡിയിലെ പ്രഷാർ തടാകത്തിലെ ജലനിരപ്പ് ഉയർന്നതോടെ നിരവധി പേർ സമീപഗ്രാമങ്ങളിൽ കുടുങ്ങി കിടക്കുന്നതായി മാണ്ഡി ഡിഎസ്പി സഞ്ജീവ് സുഡ് പറഞ്ഞു. ജനങ്ങളെ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിന് പിന്നാലെ പ്രഷാർ-കമാൻഡ് റോഡ് അടച്ചു. ചമ്പയിൽ നിന്നുള്ള സ്‌കൂൾ ബസ് അടക്കം ഇവിടെ മറുകരയിലേക്ക് പോകാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. പെന്റോ-മാണ്ഡി ദേശീയപാതയിൽ വിവിധയിടങ്ങളിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ദേശീയ പാത അടച്ചു. ദിവസങ്ങൾ എടുത്ത് മാത്രമേ റോഡ് പൂർവ്വസ്ഥിതിയിൽ ആക്കാനാകൂ എന്നും അധികൃതർ വ്യക്തമാക്കി.
Discussion about this post