ഏഴ് കുട്ടികളെ പിന്നിലിരുത്തി സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവാവിന് പിടിവീണു. ഹെൽമെറ്റ് ധരിക്കാതെ കുട്ടികളെ പിന്നിലിരുത്തി യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങൡ പ്രചരിച്ചത്. ഇതോടെ ജൂൺ 20 ന് ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ ഉപയോക്താക്കൾ രംഗത്തെത്തി. ‘ഈ ഭ്രാന്തൻ ഏഴ് കുട്ടികളുമായി സ്‌കൂട്ടറിൽ സഞ്ചരിക്കുന്നു. ഏഴു കൊച്ചുകുട്ടികളുടെ ജീവിതം അപകടത്തിൽ പെടാൻ പോലും സാധ്യതയുണ്ട്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണം” എന്ന ആവശ്യമാണ് ഉയർന്നത്.
തുടർന്ന് അഞ്ച് ദിവസത്തിനകം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഐപിസി സെക്ഷൻ 308 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 2022ൽ മഹാരാഷ്ട്രയിൽ 15,000 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ഇതിൽ പകുതിയിലധികം മരണങ്ങളും, അതായത് 7,700 പേർ, ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെട്ടാണ് മരിച്ചത്. ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്ന് തലയ്‌ക്കേറ്റ പരിക്കാണ് ഇതിൽ ഭൂരിഭാഗം മരണങ്ങൾക്കും കാരണമെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
Discussion about this post