എറണാകുളം: പരിക്കുകൾ ഭേദമായി എത്രയും വേഗം തിരികെ വരുമെന്ന് നടൻ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പരിക്കിനെ തുടർന്ന് രണ്ട് മാസത്തേക്ക് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ തനിക്ക് പരിക്ക് പറ്റിയെന്ന വാർത്തകൾ ശരിയാണ്. താനിപ്പോൾ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായി വിദഗ്ധരായ ഡോക്ടർമാരുടെ പരിചരണത്തിൽ തുടരുകയാണ്. രണ്ട് മാസത്തേക്ക് തനിക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിശ്രമവേള പ്രയോജനപ്പെടും പോലെ പരമാവധി ഉപയോഗിക്കും. ഈ വേദനയുടെ നാളുകൾ തരണം ചെയ്ത് എത്രയും വേഗം കർമ്മ രംഗത്തേക്ക് തിരികെ വരുമെന്ന് സത്യം ചെയ്യുന്നു. തന്റെ ക്ഷേമം അന്വേഷിച്ചവർക്കും തന്നെ സ്‌നേഹിച്ചവർക്കും നന്ദിയെന്നും പൃഥ്വിരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജിന് പരിക്കേറ്റത്. കാലിനായിരുന്നു പരിക്ക്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് പൃഥ്വിരാജ് ഉള്ളത്.












