കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വടക്കൻ ബംഗാളിലെ സലുഗരയിലെ സൈനിക കേന്ദ്രത്തിൽ നിന്നായിരുന്നു മമതാ ബാനർജി ഹെലികോപ്റ്ററിൽ കയറിയത്. പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതാണ് ഹെലികോപ്റ്ററിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തിയത്. ഇതോടെ പറന്നുയർന്ന ഹെലികോപ്റ്റർ തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ജൽപൈഗുരിയിലേക്ക് ആയിരുന്നു മമതയുടെ യാത്ര. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇവിടേയ്ക്ക് പോകാനിരുന്നത്. യാത്ര മുടങ്ങിയതോടെ മമത റോഡ് മാർഗ്ഗം കൊൽക്കത്തയിലേക്ക് മടങ്ങി.








