ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബിജെപിക്കെതിരായ രാഷ്ട്രീയ ആക്രമണത്തിന് ഫിൻടെക് കമ്പനിയായ ഫോൺപേയുടെ ലോഗോയും പേരും ക്യൂ ആർ കോഡും ദുരുപയോഗം ചെയ്ത കോൺഗ്രസ് പുലിവാല് പിടിച്ചു. കമ്പനിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ലോഗോയും പേരും ഉപയോഗിച്ചതെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഫോൺപേ മുന്നറിയിപ്പ് നൽകിയതോടെ കോൺഗ്രസ് വെട്ടിലായി.
കർണാടകയിൽ ബിജെപിക്കെതിരെ നടത്തിയതിന് സമാനമായ പ്രചാരണം മദ്ധ്യപ്രദേശിലും നടത്താനായിരുന്നു കോൺഗ്രസിന്റെ ശ്രമം. കർണാടകയിൽ ബിജെപി സർക്കാരിനെതിരെ 40 ശതമാനം കമ്മീഷൻ ആരോപണം ഉന്നയിച്ച കോൺഗ്രസ് മദ്ധ്യപ്രദേശിൽ 50 ശതമാനം കമ്മീഷൻ ആരോപണവുമായിട്ടാണ് ഫോൺപേ ക്യൂ ആർ കോഡുമായി രംഗത്തെത്തിയത്. ഗ്വാളിയാറിലും മറ്റുമാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിന് 50 ശതമാനം കമ്മീഷൻ നൽകണമെന്ന വ്യാജ രാഷ്ട്രീയ ആരോപണം പ്രചരിപ്പിക്കാനായിരുന്നു കോൺഗ്രസ് ശ്രമിച്ചത്. കമ്പനിക്ക് വേണ്ടിയല്ലാതെ രാഷ്ട്രീയമോ അല്ലാത്തതോ ആയ ഒരു പ്രചാരണവും പേരും ലോഗോയും വെച്ച് അംഗീകരിക്കില്ലെന്ന് ഫോൺപേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുമായും തങ്ങൾക്ക് ബന്ധമില്ലെന്നും ട്വിറ്ററിൽ കമ്പനി വിശദീകരിച്ചു.
ഫോൺപേ ലോഗോ ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ ഉളളതാണെന്നും അനധികൃതമായി ഉപയോഗിക്കുന്നത് നിയമനടപടി ക്ഷണിച്ചുവരുത്തുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. ലോഗോയും പേരും പോസ്റ്ററുകളിലെ കളറും എത്രയും വേഗം മാറ്റണമെന്നും കമ്പനി ആവശ്യപ്പെട്ടു. ഫോൺപേ പരാതി നൽകിയിട്ടില്ലെങ്കിലും സർക്കാരിനെതിരായ വ്യാജ പ്രചാരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post