ന്യൂഡൽഹി; മണിപ്പൂരിലെ സംഘർഷത്തിൽ ഒരു പരിഹാരമാർഗവും ഇല്ലാതെ രാഹുൽ എന്തിനാണ് അവിടം സന്ദർശിക്കാൻ പോയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുലിന്റെ സന്ദർശനം എന്തെങ്കിലും പോസിറ്റീവ് ഇഫക്ട് ഉണ്ടാക്കിയോ എന്ന് ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.
മണിപ്പൂരിൽ തീർത്തും വ്യത്യസ്തമായ സാഹചര്യമാണ്. അവിടെ രാഹുലിന്റെ സന്ദർശനം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഒരു ദിവസത്തെ മീഡിയ കവറേജ് മാത്രമാണ് രാഹുലിന് ലഭിച്ചതെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഒരു സംസ്ഥാനം ദുരന്ത സ്ഥിതിയിലാണെങ്കിൽ അവിടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
മണിപ്പൂരിലെ പ്രശ്‌നത്തിന് ഒരു പരിഹാരം കൈയ്യിലില്ലാത്തിടത്തോളം രാഹുൽ സന്ദർശനത്തിൽ നിന്ന് മാറിനിൽക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മണിപ്പൂരിലെ സ്ഥിതി നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് സംസ്ഥാന സർക്കാരും കേന്ദ്രവും ശ്രമിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഒരു പരിഹാരവുമില്ലാതെ നിർബന്ധിതമായി അവിടേക്ക് കടന്നുചെല്ലാൻ ഒരു രാഷ്ട്രീയ നേതാവും ശ്രമിക്കരുതെന്നും രാഹുലിനെ കുറ്റപ്പെടുത്തി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ശാന്തമായി വന്ന മണിപ്പൂരിൽ രാഹുലിന്റെ സന്ദർശനത്തിന് പിന്നാലെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കലുഷിതമായിരുന്ന അന്തരീക്ഷത്തിൽ വീണ്ടും പിരിമുറുക്കം കൂട്ടുന്നതായിരുന്നു രാഹുലിന്റെ സന്ദർശനം. കുകി വംശജരും മെയ്‌തെയ് വിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമായിരുന്ന ചുരാചന്ദ്പൂരിലാണ് രാഹുൽ സന്ദർശനം നടത്തിയത്.
രാഹുലിന്റെ യാത്ര സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് പോലീസ് തടയുകയും പിന്നീട് ഹെലികോപ്ടർ മാർഗം പോകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സംഘർഷം റിപ്പോർട്ട് ചെയ്തത്. റോഡ് മാർഗം രാഹുൽ പോകാനിരുന്ന വഴിയിൽ ഗ്രനേഡ് ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് പോലീസ് തടഞ്ഞത്. അവിടെയും പോലീസുമായി ഏറ്റുമുട്ടാൻ ഒരു വിഭാഗം ജനക്കൂട്ടം ശ്രമിച്ചിരുന്നു.
Discussion about this post