ഇംഫാൽ: മണിപ്പൂരിൽ കുകി, മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം ഊതിക്കത്തിക്കാൻ ആസൂത്രിത ശ്രമം. ഇന്നലെ പുലർച്ചെ 5.30 മുതൽ സായുധധാരികൾ വെടിയുതിർത്ത് വീണ്ടും കലാപത്തിന് ശ്രമം തുടങ്ങിയിരുന്നതായി സൈന്യം വെളിപ്പെടുത്തി. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലാപമേഖലകളിൽ സന്ദർശനം നടത്തിയതോടെ എരിതീയിൽ എണ്ണ ഒഴിച്ച അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.
ഇന്നലെ കലാപമേഖലകൾ സന്ദർശിക്കാനെത്തിയ രാഹുലിനെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ റോഡ് മാർഗമുളള യാത്ര വിലക്കിയിരുന്നു. എന്നാൽ രാഹുലിനെ തടഞ്ഞുവെന്ന തരത്തിലുളള പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്. സ്ഥലത്ത് സ്്ത്രീകളെ ഉൾപ്പെടെ രംഗത്തിറക്കി സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഹെലികോപ്ടറിൽ പിന്നീട് രാഹുൽ സംഘർഷ പ്രദേശങ്ങളിലെത്തുകയും ചെയ്തു.
ഇന്ന് രാവിലെ മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പിലും രാഹുൽ സന്ദർശനം നടത്തി. ഇംഫാലിൽ തിരിച്ചെത്തി മറ്റ് രാഷ്ട്രീയ പാർട്ടികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തുമെന്നും കോൺഗ്രസ് വ്യക്തമാക്കി. മണിപ്പൂരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന രാഹുലിനെതിരെ വിമർശനം ശക്തമാണ്. വിഷയത്തിൽ പ്രത്യേകിച്ച് ഒരു പരിഹാര മാർഗവും നിർദ്ദേശിക്കാനില്ലാതെ രാഹുൽ എന്തിനാണ് സംഘർഷമേഖലകൾ സന്ദർശിക്കാനെത്തിയതെന്നാണ് ചോദ്യം ഉയരുന്നത്.
അതിനിടെ ഇന്നലത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി ഉയർന്നു. പരിക്കേറ്റ ഒരാൾ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് മാസത്തോളമായി തുടരുന്ന സംഘർഷം ആദ്യഘട്ടത്തിൽ നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തിന് കഴിഞ്ഞിരുന്നു. ചുരാചന്ദ്പൂരിൽ ഉൾപ്പെടെ കലാപമേഖലകളിലുളളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും കഴിഞ്ഞിരുന്നു.
ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി മണിപ്പൂരിൽ പൗരപ്രമുഖരുമായി ഉൾപ്പെടെ ചർച്ചകൾ നടത്തി. ക്രമേണ സമാധാനത്തിലേക്ക് മടങ്ങുന്ന സ്ഥിതിയിൽ വീണ്ടും സംഘർഷത്തിന് തിരി കൊളുത്തുകയായിരുന്നു.
ഇന്നലെ ഹറോതൽ വില്ലേജിലാണ് ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് വെടിയൊച്ച കേട്ടത്. ഉടൻ തന്നെ സൈന്യത്തെ വിന്യസിച്ച് ഇവിടെ സ്ഥിതി നിയന്ത്രണ വിധേയമാക്കിയെങ്കിലും വൈകിട്ടോടെ വീണ്ടും സ്ഥിതി വഷളാകുകയായിരുന്നു. ഇതിനിടയിലാണ് രാഹുൽ കലാപബാധിതരെ കാണാൻ ചുരാചന്ദ്പൂരിൽ എത്തിയത്.
വൈകിട്ട് നാല് മണിയോടെ മുൻലെ ഗ്രാമത്തിൽ നിന്ന് വീണ്ടും വെടിയൊച്ച കേട്ടതായി സൈന്യം വ്യക്തമാക്കി. 5.15 ഓടെ ബെഥേൽ ഗ്രാമത്തിലും വെടിയൊച്ച കേട്ടതോടെ കൂടുതൽ സൈനികർ സ്ഥിതി നിയന്ത്രിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ വസതിയിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി.
Discussion about this post