ലുസെയ്ൻ : ലുസെയ്ൻ ഡയമണ്ട് ലീഗിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാമനായി നീരജ് ചോപ്ര. ജാവ്‌ലിൻ ത്രോയിൽ 87.66 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് സ്വന്തം റെക്കോർഡ് തിരുത്തിയത്.
ഫൗളിലൂടെയാണ് നീരജ് തുടക്കം കുറിച്ചത്. പിന്നീട് തന്റെ രണ്ടാം ശ്രമത്തിൽ 83.52 മീറ്റർ ദൂരത്തേക്ക് എറിഞ്ഞു. 85.04 മീറ്റർ എറിഞ്ഞിവീഴ്ത്തിക്കൊണ്ട് മൂന്നാം ശ്രമത്തിലാണ് അദ്ദേഹത്തിന് രണ്ടാം സ്ഥാനം നേടാനായത്. വീണ്ടുമൊരു ഫൗളിന് ശേഷമാണ് 87.66 മീറ്റർ എന്ന റെക്കോർഡിലേക്ക് നീരജ് ചോപ്ര എത്തിയത്.
ആദ്യ ശ്രമത്തിൽ തന്നെ 86.20 മീറ്റർ എറിഞ്ഞ് ലീഡ് നേടിയ ജർമ്മനിയുടെ ജൂലിയൻ വെബറിൽ ആയിരുന്നു നീരജിന്റെ എതിരാളി. അവസാന ശ്രമത്തിൽ 87.03 മീറ്റർ എറിഞ്ഞുകൊണ്ട് വെല്ലുവിളിയുയർത്തുന്ന പ്രകടനമാണ് ജൂലിയൻ കാഴ്ചവെച്ചത്.
ഏഷ്യൻ ഗെയിംസിനും ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും വേണ്ടിയുള്ള പരിശീലനത്തിലാണ് നീരജ്. പരുക്ക് പറ്റിയതിനെത്തുടർന്ന് ഒരുമാസത്തോളം വിശ്രമത്തിലായിരുന്ന നീരജ് അടുത്തിടെയാണ് കളത്തിലേക്ക് തിരിച്ചെത്തിയത്.
Discussion about this post