കൊല്ലം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു . തിരുവനന്തപുരത്തേക്ക് എത്തിക്കാൻ വൈകിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം സംശയം ഉന്നയിക്കുന്നത്.
സംഭവസമയത്ത് ആശുപത്രിയിൽ പോലീസുകാർ , ഡോക്‌ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനയുടെ അടുത്തുണ്ടായിരുന്നു. എന്നാൽ ഇവർ വന്ദനാദാസിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള മുൻകൈ എടുത്തില്ല. ആക്രമിയെ തടയാനും ശ്രമിച്ചില്ലെന്ന് കുടുംബം പരാതിയിൽ ആരോപിക്കുന്നു.
ആശുപത്രിയിൽ വച്ച് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നുതന്നെയാണ് ആംബുലൻസിലേയ്ക്ക് പോയത്. അതിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
പോലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസെടുക്കുന്നതിൽ എന്താണ് അഭിപ്രായമെന്ന് സിബിഐയോട് കോടതി ആരാഞ്ഞു. സംഭവത്തിൽ വിശദീകരണം തേടി കോടതി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു.












