ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ നിലവിലെ മാന്ദ്യം ചൈനയാണ് സൃഷ്ടിച്ചതെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ ചടങ്ങിൽ ‘പുതിയ ഇന്ത്യയും ലോകവും’ എന്ന വിഷയത്തിൽ പ്രഭാഷണത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി .
‘ കയ്യടിക്കണമെങ്കിൽ എല്ലായിപ്പോഴും രണ്ട് കൈകൾ ആവശ്യമുണ്ട്. ഇന്ത്യയെപ്പോലെ തന്നെ ചൈനയ്ക്കും പ്രവർത്തനക്ഷമമായ ബന്ധത്തിൽ വിശ്വാസമുണ്ടായിരിക്കണം ‘ എന്നാണ് രണ്ട് ഏഷ്യൻ ഭീമൻമാർക്ക് മികച്ച പ്രവർത്തന ബന്ധം പുലർത്താൻ കഴിയുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. മാന്യമായ പ്രവർത്തന ബന്ധം ഉണ്ടാകണമെങ്കിൽ, യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) 1993ലും 1996ലും ഉണ്ടാക്കിയ കരാറുകൾ ചൈന നിരീക്ഷിക്കേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു.
രണ്ട് പ്രധാന രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പരസ്പര താൽപ്പര്യം, സംവേദനക്ഷമത, ബഹുമാനം എന്നിവയിൽ അധിഷ്ഠിതമാകുമ്പോൾ മാത്രമേ മികച്ച രീതിയിൽ പ്രവർത്തിക്കൂ എന്നും ജയശങ്കർ ഈ ചോദ്യോത്തരം വേളയിൽ വ്യക്തമാക്കി. ചൈനയെ ഇക്കാര്യം മനസ്സിലാക്കി അതിർത്തി പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ താൻ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതോടൊപ്പം തന്നെ ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലമായുള്ള മികച്ച ബന്ധത്തെ ജയശങ്കർ പ്രശംസിക്കുകയും ചെയ്തു.
Discussion about this post