ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിൽ നിന്നും ഇസ്ലാമിക സംഘങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡൽഹി ജമാ മസ്ജിദ് ഷാഹി ഇമാം. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായതോടെ ബക്രീദ് ദിനത്തിലായിരുന്നു ഷാഹി ഇമാമം ഫത്വ പുറപ്പെടുവിച്ചത്. ഈ വിലക്ക് എല്ലാ ഇസ്ലാമിക സംഘടനകളും അനുസരിക്കണം എന്നാണ് ഷാഹി ഇമാമിന്റെ നിർദ്ദേശം.
നിലവിൽ വിദേശത്താണ് ഷാഹി ഇമാമുള്ളത്. ഇവിടെ നിന്നുമാണ് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് അദ്ദേഹം ഫത്വ പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നേരത്തെ മുസ്ലീം വ്യക്തി നിയമ ബോർഡ് കേന്ദ്രസർക്കാരിനെ എതിർത്ത് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷാഹി ഇമാമിന്റെ ഫത്വ.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് പിന്നിൽ കേന്ദ്രസർക്കാരിന് ഗൂഢ ലക്ഷ്യമാണ് ഉള്ളതെന്നായിരുന്നു വ്യക്തിനിയമ ബോർഡിന്റെ വിമർശനം. സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വ്യക്തിനിയമങ്ങളും ഉണ്ട്. നിലവിലെ സാഹചര്യം ഒരിക്കലും ആരെയും ഹനിക്കുന്നതല്ല. ഈ സാഹചര്യത്തിൽ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. സമൂഹത്തിലെ സാഹോദര്യം തകർക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ബോർഡ് പ്രതികരിച്ചിരുന്നു.
Discussion about this post