മുംബൈ: മഹാരാഷ്ട്രയിലുണ്ടായ ബസ് ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആശ്വാസമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ധനസഹായം പ്രഖ്യാപിച്ചു. അർദ്ധരാത്രിയുണ്ടായ ബസ് അപകടത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലുണ്ടായ ബസ് ദുരന്തം അതീവ വേദനാ ജനകമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുകൊള്ളുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് മഹാരാഷ്ട്ര സർക്കാർ നൽകുന്നത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് തുക കൈമാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമൃദ്ധി- മഹാമർഗ് എക്‌സ്പ്രസ്‌വേയിലാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. നാഗ്പൂരിൽ നിന്നും പൂനെയ്ക്ക് പോകുകയായിരുന്നു ബസ്. അമിത വേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post