ബംഗളൂരു: കർണാടകയിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ദർവാദിൽ നിന്നും ബംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്ന തീവണ്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറിൽ തീവണ്ടിയുടെ ജനൽ ചില്ല് തകർന്നു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ദേവൻഗിരി റെയിൽവേ സ്‌റ്റേഷനിലാണ് കല്ലേറുണ്ടായത്. സിഗ്നൽ ലഭിച്ചതിന് പിന്നാലെ ഇവിടെ നിന്നും തീവണ്ടി പുറപ്പെടുകയായിരുന്നു. മുന്നോട്ട് നീങ്ങുന്നതിനിടെ ആരോ കല്ലുകൊണ്ട് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ എറിയുകയായിരുന്നു.
സി4 കോച്ചിലാണ് കല്ല് പതിച്ചത്. കോച്ചിലെ ജനലിൽ കല്ലേറിൽ തകർന്നു. സംഭവത്തിൽ യാത്രികർക്കൊന്നും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. സർവ്വീസ് ആരംഭിച്ച് നാലാം ദിവസമാണ് തീവണ്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത് എന്നത് നാണക്കേടുണ്ടാക്കുന്നതാണ്.










