ന്യൂഡൽഹി/തിരുവനന്തപുരം: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കേസിൽ അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതിന് തെളിവില്ലെന്ന് ആന്റണി രാജു സുപ്രീംകോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ എഫ്‌ഐആർ റദ്ദാക്കിയെങ്കിലും നടപടി ക്രമങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ഉത്തരവ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ ഉത്തരവിലെ ഇതുമായി ബന്ധപ്പെട്ട വാദം അനുചിതമാണ്. ഇത് തനിക്കെതിരായ അന്വേഷണമായി മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നു. തനിക്കെതിരെ തെളിവുള്ളതായി കോടതി പറഞ്ഞിട്ടില്ല. അതിനാൽ പുന:രന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ല. കഴിഞ്ഞ 33 വർഷമായി കേസിന്റെ പേരിൽ കടുത്ത മാനസിക പീഡനം അനുഭവിച്ചു വരികയാണെന്നും അതിനാൽ കേസുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post