റായ്ബറേലി: വിവാഹം മുടങ്ങിയതിനെ തുടർന്ന് വരൻ വിഷം കഴിച്ചു. താലികെട്ടുന്നതിന് തൊട്ടുമുൻപ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നാണ് വിവാഹം മുടങ്ങിയത്. സംഭവം അറിഞ്ഞ ഉടൻ വരൻ വിഷം കഴിക്കുകയായിരുന്നു. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്.
ഗഡഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അസാനന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം. അസാനന്ദ്പൂർ സ്വാദേശിയായ രാംനരേഷിന്റെ മകളുമായാണ് അജയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹഘോഷയാത്രയുമായി അജയ് വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങൾ ഇവർക്കായി സ്വീകരണവും ഒരുക്കിയിരുന്നു. പിന്നാലെ മറ്റ് വിവാഹ ചടങ്ങുകളും തുടങ്ങി. വരൻ വേദിയിൽ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിലേക്ക് എത്തിയില്ല. തുടർന്ന് വിവരം തിരക്കിയപ്പോഴാണ് വധു കാമുകനൊപ്പം സ്ഥലം വിട്ടതായി ബന്ധുക്കൾ പറഞ്ഞത്. പിന്നാലെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമായി.
ഇതോടെ പെൺകുട്ടിയുടെ പിതാവ് ഗഡഗഞ്ച് പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. തുടർന്ന് അജയും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷം അജയ് വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില വഷളായതിനെ തുടർന്ന് ലക്നൗവിലേയ്‌ക്ക് മാറ്റി. അതേസമയം, പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വധുവിന്റെ കാമുകൻ മുന്നയ്‌ക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post