കൊച്ചി: ഓൺലൈൻ മാദ്ധ്യമസ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. പിവി ശ്രീനിജൻ നൽകിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെ ഒളിവിൽ കഴിയുന്ന മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ തേടിയാണ് പോലീസ് പരിശോധന.
ഓഫീസുകളിൽ നിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്‌ക് അടക്കം പോലീസുകാർ പിടിച്ചെടുത്തതായി മറുനാടൻ മലയാളി ആരോപിച്ചു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുളള ഓഫീസുകളിൽ പരിശോധന നടത്തിയെന്നും സ്ഥാപനം വ്യക്തമാക്കുന്നു. നേരത്തെ തിരുവനന്തപുരത്തെ ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ ജീവനക്കാരുടെ വീടുകളിലാണ് പരിശോധന.
വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ച് നിരന്തരം വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജൻ ഷാജൻ സ്‌കറിയയ്‌ക്കെതിരെ പരാതി നൽകിയത്. പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കൊച്ചി എളമക്കര പോലീസ് കേസെടുത്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതോടെ മുൻകൂർ ജാമ്യം തേടി ഷാജൻ സ്‌കറിയ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലൂത്ര മുഖേനയാണ് ഹർജി നൽകിയത്.
അതേസമയം ഷാജൻ സ്‌കറിയയെ സർക്കാർ ഒത്താശയോടെ വേട്ടയാടുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. പി.വി അൻവർ എംഎൽഎയും ഷാജൻ സ്‌കറിയയുമായുളള സമൂഹമാദ്ധ്യമങ്ങളിലെ പോരാണ് നിലവിൽ ഷാജനെതിരെ കൂട്ടത്തോടെയുളള ആക്രമണത്തിലേക്ക് എത്തിച്ചത്. ഷാജനെതിരെ പരാതി നൽകുമെന്നും മറുനാടൻ ഓഫീസ് പൂട്ടിക്കുമെന്നും സമൂഹമാദ്ധ്യമത്തിലൂടെ പി.വി അൻവർ വെല്ലുവിളിക്കുകയായിരുന്നു. അൻവറിനെതിരെ പ്രവർത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു വെല്ലുവിളി. മറുനാടൻ വാർത്തകൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയവരുടെ കൂട്ടായ്മയും ഇവർ രൂപീകരിച്ചിരുന്നു.
ഭരണസ്വാധീനം ഉപയോഗിച്ച് പോലീസിൽ സമ്മർദ്ദം ചെലുത്തിയാണ് ഷാജൻ സ്‌കറിയയെ പരാതിക്കാർ വേട്ടയാടുന്നതെന്ന ആക്ഷേപവും ശക്തമാണ്.
Discussion about this post