ന്യൂഡൽഹി: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിന് സമാനമായ അപകടം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി റെയിൽവേ ജീവനക്കാരന് കത്ത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ ഇന്ത്യൻ റെയിൽവേ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ഭീഷണിക്കത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സെക്കന്ദരാബാദ് ഡിവിഷണൽ മാനേജർക്ക് ഭീഷണി കത്ത് ലഭിച്ചത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒഡീഷയിലുണ്ടായതിന് സമാനമായ തീവണ്ടി ദുരന്തം ആന്ധ്രാപ്രദേശിലും ആവർത്തിക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ജൂലൈ ആദ്യ വാരം തന്നെ ദുരന്തം ഉണ്ടാകുമെന്നും കത്തിൽ പറയുന്നുണ്ട്.
അടുത്ത വാരം ബലാസോറിൽ ഉണ്ടായതിന് സമാനമായ തീവണ്ടി ദുരന്തം ഇവിടെയും ഉണ്ടാകും. ഹൈദരാബാദ്- ഡൽഹി പാതയിലാകും അട്ടിമറിയുണ്ടാകുക. ആർക്കും തടയാൻ കഴിയില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ബലാസോറിൽ ഉണ്ടായ തീവണ്ടി ദുരന്തത്തിൽ 300 പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിക്കൊണ്ട് കത്ത് ലഭിച്ചിരിക്കുന്നത്.
Discussion about this post