ടോക്യോ: ജപ്പാനിൽ ബഹുനില കെട്ടിടത്തിൽ പൊട്ടിത്തെറി. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. സെൻട്രൽ ടോക്യോയിലെ കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഷിംബാഷി ജില്ലയിലായിരുന്നു സംഭവം. ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അപകടം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ കെട്ടിടത്തിൽ തീ ആളിപടർന്നു. ഉടനെ അഗ്നിശമന സേനയെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു. തുടക്കത്തിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് എത്തുകയായിരുന്നു. 32 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.
എന്താണ് പൊട്ടിത്തെറിച്ചത് എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പരിക്കേറ്റവരുടെ മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരിൽ നിന്നും മൊഴി ലഭിച്ചെങ്കിൽ മാത്രമേ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
Discussion about this post