ന്യൂഡൽഹി : ഇരുപത്തിരണ്ടുകാരനായ യുവാവിനെ വിവാഹം കഴിക്കാനെന്ന പേരിൽ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന പാകിസ്താനി യുവതിയെ പോലീസ് തിരയുന്നു. ഡൽഹി എൻ.സി.ആറിലാണ് നേപ്പാൾ വഴി ഇന്ത്യയിലെത്തിയ പാകിസ്താനി യുവതി യുവാവിനെ തിരക്കിയെത്തിയത്. കറാച്ചി സ്വദേശിനിയും നാലു കുട്ടികളുടെ അമ്മയുമായ സീമ എന്ന യുവതിയാണ് ഇന്ത്യയിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
ബുലന്ദ്ഷഹറിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സീമ എന്ന് പേരുള്ള യുവതി നാലുകുട്ടികൾക്കൊപ്പം തന്നെ കാണാനെത്തിയെന്നാണ് അഭിഭാഷകൻ പറയുന്നത്. സച്ചിൻ എന്ന യുവാവും ഇവർക്കൊപ്പമുണ്ടായിരുന്നു. പബ്ജി കളിയിലൂടെ പരിചയപ്പെട്ട ഈ യുവാവിനെ എങ്ങനെ വിവാഹം കഴിക്കും എന്ന ചോദ്യവുമായാണ് യുവതി എത്തിയത്. കൂടുതൽ ചോദിച്ചപ്പോൾ കറാച്ചിയിൽ നിന്ന് ദുബായ് വഴി നേപ്പാളിലെത്തി അവിടെ നിന്ന് ബസ് മാർഗം ഇന്ത്യയിലേക്ക് കടന്നു എന്നാണ് യുവതി പറഞ്ഞത്. ഭർത്താവ് ദുബായിൽ ജോലി ചെയ്യുകയാണെന്നും സഹോദരൻ പാകിസ്താൻ സൈന്യത്തിലാണെന്നും യുവതി പറഞ്ഞതായി അഭിഭാഷകൻ വ്യക്തമാക്കുന്നു.
യുവതി പറഞ്ഞ പല വിവരങ്ങളും സംശയം ഉണർത്തുന്നതായിരുന്നു. മാത്രമല്ല കൂടെയുണ്ടായിരുന്ന കുട്ടികൾ യുവതിയെ ചേച്ചി എന്നാണ് വിളിച്ചത്. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഇവർ ഡൽഹിയിൽ നിന്ന് അപ്രത്യക്ഷമായി. ഇതോടെ സംശയം തോന്നിയ അഭിഭാഷകൻ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. പോലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും യുവതിയെ കണ്ടെത്തിയതിനു ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ കമ്മീഷണർ സുരേഷ് റാവു അരവിന്ദ് വ്യക്തമാക്കി.
Discussion about this post