ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി. ജാമ്യം നിഷേധിച്ചികൊണ്ടുള്ള ഹൈക്കോടതിയുടെ വിധി ആംആദ്മി സർക്കാരിന്റെ മുഖത്തേറ്റ ശക്തമായ തിരിച്ചടിയാണെന്ന് ബിജെപി വ്യക്തമാക്കി. ഇന്നലെയാണ് കള്ളപ്പണം വെളുപ്പിച്ചതിന് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയയുടെ ജാമ്യ ഹർജി ഹൈക്കോടതി നിരാകരിച്ചത്.
ഒരിക്കൽ കൂടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആംആദ്മി സർക്കാരിനും ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടിവന്നുവെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല വ്യക്തമാക്കി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നു. ഹൈക്കോടതി വിധി ഡൽഹിയിലെ അഴിമതി സർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും ഷെഹ്‌സാദ് പൂനാവാല കൂട്ടിച്ചേർത്തു.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഴിമതി കേസിൽ സിസോദയയ്ക്ക് കോടതി ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചത്. സിസോദിയയ്ക്ക് പുറമേ മലയാളി വിജയ് നായർ ഉൾപ്പെടെയുള്ള മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
Discussion about this post