ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ന്യൂഡൽഹിയിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. നിയമത്തിന്റെ കരട് രേഖ സർക്കാർ നിയോഗിച്ച കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
രാവിലെയോടെയായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിൽ താമസം വരുത്തില്ലെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുഷ്‌കർ സിംഗ് ധാമി അറിയിച്ചു.
യൂണിഫോം സിവിൽ കോഡിന്റെ കരട് രേഖ സർക്കാരിന് കമ്മിറ്റി കൈമാറിയിട്ടില്ല. ഇത് ഉടൻ സർക്കാരിന് കൈമാറുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് നിയമം നടപ്പിലാക്കുന്നത് വൈകിപ്പിക്കില്ല. നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തില്ല- പുഷ്‌കർ സിംഗ് ധാമി പ്രതികരിച്ചു.
യൂണിഫോം സിവിൽ കോഡ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായും ധാമിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. രഞ്ജനയും നിയമവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
Discussion about this post