ന്യൂഡൽഹി : നാല് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ജൂലൈ 7,8 തീയതികളിൽ മോദി സന്ദർശിക്കും. നിരവധി വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
50,000 കോടി രൂപയുടെ 50 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. റായ്പൂർ, ഗോരഖ്പൂർ, വാരണാസി, വാറംഗൽ, ബിക്കാനീർ എന്നിവിടങ്ങളിലായി നിരവധി പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.
ജൂലൈ 7 ന്, പ്രധാനമന്ത്രി ആദ്യം റായ്പൂർ സന്ദർശിക്കും. റായ്പൂർ-വിശാഖപട്ടണം ഇടനാഴിയുടെ ആറുവരി പാത ഉൾപ്പെടെ ഒന്നിലധികം പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഒരു പൊതു യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം യുപിയിലേക്ക് തിരിക്കും. ഗോരഖ്പൂരിൽ ഗീതാ പ്രസ്സിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിൽ പ്രധാനമന്ത്രി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ് ചെയ്യും. ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടും.
തുടർന്ന് പ്രധാനമന്ത്രി തന്റെ മണ്ഡലമായ വാരണാസിയിലേക്ക് യാത്ര തിരിക്കും. അന്ന് രാത്രി അവിടെ ചെലവഴിക്കും. പി.ടി ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനും സോൺ നഗറിനും ഇടയിലുള്ള ചരക്ക് ഇടനാഴിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. വാരണാസിയെയും ജൗൻപൂരിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാത 56 ന്റെ നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. മണികർണിക ഘാട്ടിന്റെയും ഹരിശ്ചന്ദ്ര ഘാട്ടിന്റെയും നവീകരണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും.
ജൂലൈ 8 ന് തെലങ്കാനയിലെ വാറങ്കലിൽ എത്തുന്ന പ്രധാനമന്ത്രി നാഗ്പൂർ-വിജയവാഡ ഇടനാഴിയുടെ പ്രധാന ഭാഗങ്ങളും ദേശീയ പാത 563-ന്റെ കരിംനഗർ-വാരങ്കൽ ഭാഗത്തെ നാലുവരിപ്പാതയും ഉൾപ്പെടെ വിവിധ പദ്ധതികളുടെ തറക്കല്ലിടും.
ബിക്കാനീറിൽ, അമൃത്സർ-ജാംനഗർ എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ബിക്കാനീർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനും അദ്ദേഹം തറക്കല്ലിടും.
Discussion about this post