ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ വില 15 രൂപയിലേക്ക് എത്തുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് പകരം വൈദ്യുതി വാഹനങ്ങളും പ്രകൃതി വാതക വാഹനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നടന്ന പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനങ്ങളിൽ 60% എഥനോളും 40% വൈദ്യുതിയും ഉപയോഗപ്പെടുത്തിയാൽ പെട്രോൾ വില കുറയുകയും അത് 15 രൂപയിലേക്ക് എത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പെട്രോൾ ഇറക്കുമതിയും മലിനീകരണവും കുറയും. ഇറക്കുമതിക്ക് വേണ്ടി ചിലവാക്കുന്ന 16 ലക്ഷം കോടി രൂപ കർഷകരിലേക്കെത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നേരത്തേ, പൂർണമായും എഥനോളിൽ ഓടുന്ന വാഹനങ്ങൾ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് മന്ത്രി ഗഡ്കരി പറഞ്ഞിരുന്നു. എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാർ ഓഗസ്റ്റിൽ നിരത്തിലിറക്കും. ബജാജ്, ടിവിഎസ്, ഹീറോ എന്നീ കമ്പനികൾ 100 ശതമാനവും എഥനോളിൽ ഓടുന്ന സ്‌കൂട്ടറുകൾ വിപണിയിലെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post