ചെന്നൈ : പിടിച്ചെടുത്ത കഞ്ചാവ് മുഴുവൻ എലി തിന്നുവെന്ന് പോലീസ്. പ്രതികളിൽ നിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത 22 കിലോ കഞ്ചാവില് 21.9 കിലോയും എലി തിന്നതായാണ് പോലീസ് കോടതിയിൽ പറഞ്ഞത്. ഇതോടെ കഞ്ചാവ് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.
ചെന്നൈയിൽ മറീനയിലാണ് സംഭവം. രാജഗോപാൽ, നാഗേശ്വർ റാവു എന്നിവരിൽ നിന്ന് 2020 ലാണ് പോലീസ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികൾക്കെതിരേ എൻ.ഡി.പി.എസ്. കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.
50 ഗ്രാം കഞ്ചാവ് പോലീസ് കോടതിയിൽ സമർപ്പിച്ചു. ബാക്കി 50 ഗ്രാം പരിശോധനയ്ക്ക് അയച്ചുവെന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ പിടിച്ചെടുത്ത ബാക്കി കഞ്ചാവ് എവിടെയെന്ന കോടതിയുടെ ചോദ്യത്തിന്, അത് എലി തിന്നുവെന്നായിരുന്നു പോലീസിന്റെ മറുപടി. പിടിച്ചെടുത്ത തൊണ്ടിമുതൽ സമർപ്പിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതിനാൽ അറസ്റ്റിലായ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.
Discussion about this post