സാൻഫ്രാൻസിസകോ; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുള്ള ആക്രമണങ്ങൾ ബ്രിട്ടന് അംഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവെർലി. ഖാലിസ്ഥാനി ഭീകരവാദികളെ ഇന്ത്യക്കാർ കൊല്ലുന്നുവെന്ന ഖാലിസ്ഥാൻവാദികളുടെ വാദം അസ്വീകാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ മാസം കാനഡയിൽ വെച്ച് ഖാലിസ്ഥാനി ഭീകരവാദി തലവൻ ഹർദീപ് സിംഗ് നജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയുടെ കരങ്ങളാണെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണങ്ങൾ നടന്നിരുന്നു. ഖാലിസ്ഥാനി വാദികളെ ഇന്ത്യക്കാർ കൊല്ലുന്നു എന്നാണ് ഹർദീപ് സിംഗ് നജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനികൾ പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെ ‘ഇന്ത്യയെ നശിപ്പിക്കുക’ എന്ന ആഹ്വാനത്തോടു കൂടി ജൂലൈ എട്ടിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് കിൽ ഇന്ത്യ റാലി നടത്താനും പദ്ധതിയിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാനികളുടെ ഈ ശ്രമം ബ്രിട്ടന് പൂർണമായും അസ്വീകാര്യമാണെന്ന് വിദേശകാര്യമന്ത്രി തുറന്നുപറഞ്ഞത്. ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ സുരക്ഷ ബ്രിട്ടന് പരമപ്രധാനമാണെന്ന് ഇന്ത്യൻ സർക്കാരിനോടും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദൊരൈസ്വാമിയോടും വ്യക്തമാക്കിയിട്ടുണ്ടെന്നും യുകെ മന്ത്രി പറഞ്ഞു.
ജൂലൈ എട്ടിന് റാലി നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന ട്വീറ്റുകളിൽ ദൊരരൈസ്വാമിയുടെയും മറ്റ് ഇന്ത്യൻ നയതന്ത്രജ്ഞരുടെയും ചിത്രങ്ങളാണ് ഖാലിസ്ഥാനി ഭീകരന്റെ കൊലപാതകികളെന്ന രീതിയിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായതോടയാണ് യുകെ വിദേശകാര്യമന്ത്രി നേരിട്ട് നിലപാട് അറിയിച്ചത്.
കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷന് നേര ഖാലിസ്ഥാനി വാദികൾ നടത്തിയ ആക്രമണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയും മഷിയെറിഞ്ഞും ആക്രമണം നടത്തിയ ഖാലിസ്ഥാനികൾക്ക് ഇന്ത്യ ചുട്ടമറുപടി നൽകിയിരുന്നു. സംഭവത്തിൽ ആദ്യം ജാഗ്രത കാണിക്കാതിരുന്ന യുകെയ്ക്ക് ഡൽഹിയിലെ യുകെ ഹൈക്കമ്മീഷന് ഏർപ്പെടുത്തിയിരുന്ന സുരക്ഷ വെട്ടിക്കുറച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
Discussion about this post