ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം ലീഗുമായി സഹകരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ആർഎസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും. സിവിൽ കോഡിനായി ആർഎസ്എസ് കച്ചമുറുക്കി ഇറങ്ങുന്നത് എന്തിനാണെന്ന് എംഎ ബേബി ചോദിച്ചു.
വാഗ്ദാനങ്ങൾ പാലിക്കാത്തത് കൊണ്ടാണ് സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഏക സിവിൽ കോഡ് കൊണ്ട് വരുന്നത് എന്നും എംഎ ബേബി പറഞ്ഞു.
സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി ലീഗിനെ ക്ഷണിച്ചിരുന്നു. ന്യൂനപക്ഷത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പോകുന്ന നിലപാടാണ് സിപിഎമ്മിന് എന്നാണ് ഗോവിന്ദൻ പറഞ്ഞത്. പ്രക്ഷോഭത്തിൽ ആർക്കും പങ്കെടുക്കാമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സിപിഎമ്മുമായി സഹകരിക്കാൻ തയാറാണെന്ന് സാദിഖലി തങ്ങൾ അറിയിക്കുകയും ചെയ്തു.
എന്നാൽ സിപിഎം നിലപാടിനെതിരെ കോൺഗ്രസ് രംഗത്തെത്തി. കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സിപിഎം വരുന്നത് എന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. ഇ എം എസിൻറെ അഭിപ്രായം നിങ്ങൾ മാറ്റിയോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു. സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്നു പറയുന്ന സിപിഎം ആദ്യം ഇതിനു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.












