നിലവിൽ സജീവമായി രംഗത്തുള്ള ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും സമ്പന്നൻ ആരെന്ന് ചോദിച്ചാൽ വിരാട് കോഹ്ലി എന്ന ഉത്തരമായിരിക്കും പലപ്പോഴും നമുക്ക് കിട്ടുക. ഈയടുത്താണ് വിരാട് കോഹ്ലിയുടെ ആസ്തി ആയിരം കോടി കടന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ബിസിസിഐ കരാർ പ്രകാരം “എ+” ഗ്രേഡ് ഉള്ള വിരാട് കോഹ്‌ലിക്ക് പ്രതിവർഷം 7 കോടി രൂപ ലഭിക്കും. ഇതിന് പുറമെ ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയുമാണ് ഫീസ്. ഇതിനുപുറമെ ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്ന് വിരാട് കോലി പ്രതിവർഷം 15 കോടി രൂപയും പ്രതിഫലമായി വാങ്ങുന്നുണ്ടെന്നാണ് കണക്ക് .
സച്ചിൻ ടെണ്ടുൽക്കറുടെ ആസ്തി 1,250 കോടി രൂപയും മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ആസ്തി ഏകദേശം 1,040 കോടി രൂപയുമാണ്. എന്നാൽ ഇതുവരെയുള്ള എല്ലാ ക്രിക്കറ്റ് താരങ്ങളിലും വെച്ച് ഏറ്റവും സമ്പന്നനായ ഒരു ഇന്ത്യക്കാരനുണ്ട്. സച്ചിനോ ധോണിയോ കോലിയോ രോഹിത് ശർമ്മയോ യുവരാജോ ഒന്നുമല്ല, ഒരുപക്ഷേ നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു പേരാണത്.
സമർജിത്‌സിംഗ് രഞ്ജിത് സിംഗ് ഗെയ്ക്വാദ് ! ഗുജറാത്തിലെ ബറോഡയിലെ പഴയ രാജാവാണ് സമർജിത്‌സിംഗ് ഗെയ്ക്‌വാദ് എന്ന ഈ ക്രിക്കറ്റ് താരം.
1967 ഏപ്രിൽ 25 ന് ജനിച്ച സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ് മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായിരുന്നു. രഞ്ജിത് സിംഗ് പ്രതാപ്‌സിംഗ് ഗെയ്‌ക്‌വാദിന്റെയും ശുഭാംഗിനി രാജെയുടെയും ഏക മകനാണ് സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ്. ഡെറാഡൂണിലെ ദ ഡൂൺ സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. 2012 മെയ് മാസത്തിൽ പിതാവിന്റെ മരണശേഷം സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ് മഹാരാജാവായി അധികാരത്തിലെത്തി . 20,000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ അദ്ദേഹത്തിനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായ ലക്ഷ്മി വിലാസ് പാലസിന്റെ ഉടമ കൂടിയാണ് സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ്. ഗുജറാത്തിലും ഉത്തർപ്രദേശിലെ ബനാറസിലുമായി 17 ക്ഷേത്രങ്ങൾ നടത്തുന്ന ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണവും അദ്ദേഹത്തിനാണ്. വാങ്കനീർ സംസ്ഥാനത്തെ രാജകുടുംബത്തിൽ നിന്നുള്ള രാധിക രാജയെ ആണ് സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ് വിവാഹം കഴിച്ചത്.
രഞ്ജി ട്രോഫിയിൽ ബറോഡയെ പ്രതിനിധീകരിച്ച ക്രിക്കറ്റ് താരമാണ് സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ്. ടോപ്പ് ഓർഡർ ബാറ്റ്‌സ്മാനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട് . ബറോഡ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായും സമർജിത്‌സിംഗ് ഗെയ്‌ക്‌വാദ് പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post