അഹമ്മദാബാദ്: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ബംഗ്ലാദേശി പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇസ്ലാമിലേക്ക് മതം മാറിയ ഹിന്ദു യുവാവ് സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി. ഗുജറാത്തിലെ ജത്പൂർ സ്വദേശിയായ ആശിഷ് ഗോസ്വാമിയാണ് ഹൈന്ദവ സന്യാസിമാരുടെയും ഹിന്ദു സംഘടനാ പ്രവർത്തകരുടെയും പിന്തുണയോടെ സ്വധർമ്മത്തിലേക്ക് മടങ്ങിയത്. വിവാദ ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായിക്കിന്റെ വീഡിയോകളാണ് മതം മാറാൻ തനിക്ക് പ്രേരണയായതെന്ന് യുവാവ് പറഞ്ഞു.
ഇസ്ലാമിലേക്ക് മതം മാറിയ ആശിഷ് ഗോസ്വാമി, ഷെയ്ഖ് മുഹമ്മദ് അൽസമി എന്ന പേരും സ്വീകരിച്ചിരുന്നു. സുന്നത്ത് കർമ്മം നിർവഹിക്കുന്നതിനായി യുവാവും കൂട്ടാളികളും ആശുപത്രിയിൽ എത്തുകയും തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. ഇത് കൈയ്യാങ്കളിയിൽ എത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഹിന്ദു സംഘടനാ പ്രവർത്തകർ കൂടുതൽ വിവരങ്ങൾ യുവാവിനോട് ചോദിച്ചതോടെയാണ് മതം മാറ്റത്തിന്റെ നിജസ്ഥിതി പുറത്തായത്.
തുടർന്ന് യുവാവിന്റെ അഭ്യർത്ഥന മാനിച്ച് ഹിന്ദു ധർമ സേന നേതാവും ജത്പൂർ നരസിംഹ ക്ഷേത്രത്തിലെ പൂജാരിയുമായ കനയ്യാനന്ദ് മഹാരാജിനെ പോലീസ് വിളിച്ചു വരുത്തി. പൂർണ്ണ മനസ്സോടെയല്ല ഇസ്ലാമിലേക്ക് പോയതെന്നും മസ്തിഷ്ക പ്രക്ഷാളനത്തിനും പ്രലോഭനങ്ങൾക്കും വഴങ്ങിയാണ് അത് ചെയ്തതെന്നും ആശിഷ് അദ്ദേഹത്തോട് പറഞ്ഞു. ഹിന്ദു ധർമ്മത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ഇയാൾ പറഞ്ഞു.
ഇതോടെ, യുവാവിന്റെ താത്പര്യ പ്രകാരം ഘർ വാപ്പസി ചടങ്ങുകൾ മഹന്ത് കനയ്യാനന്ദ് മഹാരാജിന്റെ മേൽനോട്ടത്തിൽ നടക്കുകയായിരുന്നു. ആശിഷ് ഗോസ്വാമിയെ ഭീഷണിപ്പെടുത്തിയതിന്, ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന മുസ്ലീം യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Discussion about this post