കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രൈസ്തവ സന്ന്യാസത്തെ അവഹേളിച്ചുവെന്ന വിമർശനവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്ത്. സിപിഎം നേതാവിന്റെ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി.
രാജ്യത്ത് കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് ഗോവിന്ദൻ ആശങ്കപ്പെടേണ്ടതെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങൾ തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ചത് തെറ്റാണെന്നും ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
ഈ നാട്ടിൽത്തന്നെ വ്യാജ സർട്ടിഫിക്കറ്റുകളും, വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല എന്ന സത്യം എം വി ഗോവിന്ദൻ മനസിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പരിഹസിച്ചു.
ഇംഗ്ലണ്ടിൽ നാട്ടുകാരായ വിശ്വാസികൾ പോകാതായതോടെ പള്ളികൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ പരാമർശം. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Discussion about this post