ഹൈദരാബാദ്; ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. തെലങ്കാനയിലാണ് സംഭവം. ഹൗറ- സെക്കന്ദരാബാദ് ഫലക്‌നുമ എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. നാല് ബോഗികൾ പൂർണമായി കത്തിനശിച്ചു. തീ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആളുകൾ പരിക്കുകളോടെ രക്ഷപ്പെട്ടെന്നും ആളപായമില്ലെന്നുമാണ് റിപ്പോർട്ട്.
ഹൈദരാബാദിൽ നിന്ന് 45 കിലോമീറ്റർ അകലെ തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ പഗിഡിപള്ളി, ബൊമ്മൈപള്ളി എന്നീ ഗ്രാമങ്ങൾക്കിടയിൽ വെച്ചാണ് ട്രെയിനിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിപ്പെട്ടത്. തീയും പുകയും ഉയർന്നത് കണ്ടെതോടെ ട്രെയിൻ നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു. പരിഭ്രാന്തരായ തൊട്ടടുത്ത ബോഗികളിലുണ്ടായിരുന്ന ആളുകളും വളരെ വേഗത്തിൽ ട്രെയിനിൽ നിന്നും ഇറങ്ങി.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കണ്ടെത്തൽ.അപകടത്തിൽപ്പെട്ട കോച്ചുകൾ വേർപെടുത്തുകയും സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുകയും ചെയ്ത ശേഷം ട്രെയിൻ യാത്ര തുടർന്നു.
അതേസമയം, ചാർജർ പോയിന്റ് സമീപം നിന്നുകൊണ്ട് ഒരു യാത്രക്കാരൻ പുകവലിക്കുന്നത് കണ്ടതായി മറ്റൊരു യാത്രക്കാരൻ റെയിൽവേ അധികൃതരോട് വെളിപ്പെടുത്തിയെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ പൊലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.
Discussion about this post