ലോകത്ത് ദീര്‍ഘ ചുംബന റെക്കോഡ് എന്നൊരു റെക്കോഡ് തന്നെ ഉണ്ടായിരുന്നുവെന്ന കാര്യം ഈ വാര്‍ത്ത പുറത്തുവരുമ്പോഴാണ് പലരും അറിയുന്നത് തന്നെ. സംഗതി സത്യമാണ്. 2013ലാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് ഈ മത്സരം വേണ്ടെന്ന് വെച്ചത്. മത്സരം വളരെ അപകടകരമായി മാറിയതും മത്സരത്തിലെ ചില നിയമങ്ങള്‍ ഗിന്നസിന്റെ നിലവിലുള്ളതും പരിഷ്‌കരിച്ചതുമായ നയങ്ങളുമായി ഒത്തുപോകാതെ വന്നതുമാണ് മത്സരം വേണ്ടെന്ന് വെക്കാന്‍ കാരണം.
മത്സരത്തിനിടയ്ക്ക് ഇടവേളയില്ല, പങ്കെടുക്കുന്നവര്‍ ഉണര്‍ന്നിരിക്കണം, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാമെങ്കിലും അപ്പോഴും ചുംബനത്തില്‍ തുടരണം, നിന്നുകൊണ്ട് തന്നെ ചുംബിക്കണം എന്നിങ്ങനെ വളരെ വിചിത്രമായ നിയമങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ഇടവേളയോ വിശ്രമസമയമോ ഇല്ലാത്തത് കൊണ്ടുതന്നെ വിജയികളാകുന്നതിനായി ദീര്‍ഘനേരം മത്സരത്തില്‍ തുടരുന്നത് പങ്കെടുക്കുന്നവരുടെ ആരോഗ്യത്തിന് അപകടകരമായി മാറിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉറക്കമില്ലായ്മ, സൈക്കോസിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നതായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പറയുന്നു. പലപ്പോഴും മത്സരാര്‍ത്ഥികള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്.

1999ല്‍ റെക്കോഡ് നേടിയ ഇസ്രയേലില്‍ നിന്നുള്ള കര്‍മീത് സുബേറയും ഡ്രോര്‍ ഓര്‍പാസും 30 മണിക്കൂര്‍ 45 മിനിട്ട് ചുംബിച്ച് റെക്കോഡ് നേടിക്കഴിഞ്ഞപ്പോള്‍ ഏതാണ്ട് അബോധാവസ്ഥയിലായിരുന്നു. റെക്കോഡ് നേടിയെങ്കിലും ഉടനടി അവരെ ആശുപത്രിയിലെത്തിക്കേണ്ടതായി വന്നു. സമ്മാനമായി ഇവര്‍ നേടിയത് ലോകം മുഴുവന്‍ യാത്ര ചെയ്യാനുള്ള അവസരവും 2,500 ഡോളറും(രണ്ട് ലക്ഷത്തിലധികം രൂപ) ആണ്. 2004-ല്‍ ഒരു മത്സരാര്‍ത്ഥിക്ക് ഓക്‌സിജന്‍ നല്‍കേണ്ടതായി വന്നു. അന്ന് ഇറ്റലിയില്‍ നിന്നുള്ള ആന്‍ന്ദ്രേയ സര്‍സി തന്റെ കാമുകിയെ ചുംബിച്ചത് 31 മണിക്കൂറും 18 മിനിട്ടുമാണ്. 2011ല്‍ മത്സരത്തില്‍ 30 മിനിട്ട് പങ്കെടുത്ത് ഒരു സ്ത്രീ മരണമടഞ്ഞ സംഭവവും ഉണ്ടായി.
2013-ലെ മത്സരത്തില്‍ വിജയികളായത് ഇക്കചായിയെന്നും ലക്‌സാനയെന്നും പേരുകളുള്ള ദമ്പതികളാണ്. അവരുടെ ചുംബനം 58 മണിക്കൂര്‍ 35 മിനിട്ട് നീണ്ടുനിന്നു. ദീര്‍ഘ ചുംബന മത്സരത്തിന് പകരം പിന്നീട് ഗിന്നസ് വേള്‍ഡ് റെക്കോഡ് ദീര്‍ഘ ചുംബന മാരത്തോണ്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ചു.













Discussion about this post