യുഎസ്, ചൈന, ഇസ്രായേൽ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിങ്ങനെയുള്ള പല രാജ്യങ്ങളും തങ്ങളുടെ ജിഡിപിയുടെ 2 മുതൽ 5% വരെ ശാസ്ത്ര ഗവേഷണത്തിനായാണ് ചെലവഴിക്കുന്നത് . എന്നാൽ ഇന്ത്യ അതിന്റെ ജിഡിപിയുടെ 0.7 ശതമാനത്തിൽ താഴെയാണ് വർഷങ്ങളായി ശാസ്ത്ര ഗവേഷണത്തിനായി ചെലവഴിച്ചിരുന്നത്. കേൾക്കുമ്പോൾ അതിശയകരമായി തോന്നാമെങ്കിലും ഈജിപ്ത്, ബ്രസീൽ പോലുള്ള രാജ്യങ്ങൾ പോലും ഇന്ത്യയെക്കാൾ കൂടുതൽ തുക കഴിഞ്ഞ വർഷങ്ങളിൽ ശാസ്ത്ര ഗവേഷണങ്ങൾക്ക് ചെലവഴിച്ചിരുന്നു. ഈ അപര്യാപ്തമായ ഫണ്ടിംഗ് ഇന്ത്യയിലെ ഗവേഷണ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തെയും അളവിനെയും നേരിട്ട് ബാധിച്ചിട്ടുണ്ട് എന്നുള്ളത് ഒരു വലിയ സത്യമാണ്. സ്വാതന്ത്ര്യശേഷം കഴിഞ്ഞ നിരവധി വർഷങ്ങൾ നമ്മളെ ഭരിച്ച സർക്കാരുകൾ ഇന്ത്യൻ ജനതയോട് ചെയ്ത വലിയ നീതികേടായി തന്നെ വിലയിരുത്താവുന്ന ഒന്നാണത്.
2017 ലാണ് ഒരു ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കാൻ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനായ കെ കസ്തൂരിരംഗൻ ചെയർമാനായി ഒരു എട്ടംഗ സമിതി രൂപീകരിക്കുന്നത്. ഈ സമിതിയുടെ ശുപാർശകൾ ദേശീയ വിദ്യാഭ്യാസ നയം 2020 (NEP-2020) ആയി പ്രസിദ്ധീകരിച്ചു. അന്നുവരെ ഇന്ത്യയിൽ നിലനിന്നിരുന്ന ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിലെ പാളിച്ചകൾ ഈ റിപ്പോർട്ട് എടുത്തുകാട്ടുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒറ്റപ്പെട്ട സ്ഥാപനങ്ങൾ, മിക്ക സർവകലാശാലകളിലും കോളേജുകളിലും ഗവേഷണത്തിന്റെ അഭാവം, സുതാര്യമായ മത്സരത്തിനായി സമപ്രായക്കാരുടെ അഭാവം, ഗവേഷണ ധനസഹായ സംവിധാനം എന്നിവയാണ്. തുടർന്ന് NEP-2020 മുന്നോട്ടുവെച്ച പ്രധാന ശുപാർശകളിൽ ഒന്ന്, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സർവകലാശാലകളിലും സ്ഥാപനങ്ങളിലും ഗവേഷണ-വികസനത്തിനായി ഒരു മത്സര ഗ്രാന്റ് സംവിധാനം കൈകാര്യം ചെയ്യുന്നതിനായി ഒരു നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF) സ്ഥാപിക്കുക എന്നതാണ്.
ഒടുവിൽ കഴിഞ്ഞ ജൂൺ 28ന് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാർ അനുമതി നൽകി. അടുത്ത അഞ്ച് വർഷത്തേക്ക് ഗവേഷണത്തിനായി 50,000 കോടി രൂപയുടെ ബജറ്റാണ് വകയിരുത്തിയിരിക്കുന്നത്. അതിൽ 14,000 കോടി രൂപ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള സംഭാവനയും ബാക്കി 36,000 കോടി പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ , ഫൗണ്ടേഷനുകൾ, അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്നതുമാണ്. നിലവിലുള്ള സയൻസ് എൻജിനീയറിങ് റിസർച്ച് ബോർഡിനെ (SERB) നാഷണൽ റിസർച്ച് ഫൗണ്ടേഷനുമായി ലയിപ്പിക്കുകയും ചെയ്യുന്നതാണ്. SERB യുടെ നിലവിലെ വാർഷിക ബജറ്റ് ഏകദേശം 1,000 കോടി രൂപയാണ്.
നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ നിരവധി ലക്ഷ്യങ്ങൾ ക്യാബിനറ്റ് തീരുമാനത്തെക്കുറിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടുണ്ട് . ആവശ്യാധിഷ്ഠിത ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മേഖലകളിലെ ഗവേഷണത്തെ പിന്തുണയ്ക്കുക, ഗവേഷണവും വികസനവും, ഗവേഷണ-വികസന ലബോറട്ടറികൾ എന്നിവയിലുടനീളം നൂതന സംസ്കാരം വളർത്തുക, വിത്ത് വളർത്തൽ പ്രോത്സാഹനം, പ്രകൃതി ശാസ്ത്രം, എഞ്ചിനീയറിംഗ്, ടെക്നോളജി, പരിസ്ഥിതി, ഭൗമ ശാസ്ത്രം സാമൂഹിക ശാസ്ത്രം എന്നിങ്ങനെ നിരവധി മേഖലകളെക്കുറിച്ച് ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്.
ഇന്ത്യയിൽ ഊർജ്ജസ്വലമായ ഒരു ഗവേഷണ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന വെല്ലുവിളി പരിമിതമായ സ്ഥലസൗകര്യമാണ്. നിലവിലുള്ള മികച്ച ഗവേഷണങ്ങളിൽ ഭൂരിഭാഗവും വിവിധ ഐഐടികൾക്ക് ഫണ്ട് ചെയ്തിട്ടുള്ളവയാണ് . സർവ്വകലാശാലകളിലും കോളേജുകളിലും പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ഗവേഷണത്തിനും നൂതന പരീക്ഷണങ്ങൾക്കും വളരെ കുറച്ച് ഇടം മാത്രമേ നിലവിൽ ലഭ്യമായിട്ടുള്ളൂ . അതിനാൽ തന്നെ പുതിയ സ്ഥല സൗകര്യങ്ങൾ കണ്ടെത്തുക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയ പ്രാഥമിക കടമ്പകളും നാഷണൽ റിസർച്ച് ഫൗണ്ടേഷന് മുൻപിൽ ഉണ്ട്.
വിവിധ മേഖലകളിലെ പ്രമുഖ ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ഗവേണിംഗ് ബോർഡ് ആയിരിക്കും നാഷണൽ റിസർച്ച് ഫൗണ്ടേഷനെ നിയന്ത്രിക്കുന്നത്. ഭരണപരമായി കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലായിരിക്കും ഇത് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ബോർഡിന്റെ എക്‌സ് ഒഫീഷ്യോ പ്രസിഡന്റും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡന്റുമാരും ആയിട്ടായിരിക്കും ഭരണ നിയന്ത്രണം നടത്തുന്നത്. കൂടാതെ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസർ അധ്യക്ഷനായ ഒരു എക്സിക്യൂട്ടീവ് കൗൺസിലായിരിക്കും.
പ്രായഭേദമന്യേ പ്രൊഫസർഷിപ്പുകൾ ഏറ്റെടുക്കാനും നിലവിലുള്ള ഫാക്കൽറ്റികളുമായി സഹകരിക്കാനും സജീവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സർവകലാശാലകളിൽ ഗവേഷണ ശേഷി വളർത്തിയെടുക്കാനും എൻആർഎഫ് പദ്ധതിയിടുന്നു. നിലവിൽ, ഇന്ത്യയിലെ ഏകദേശം 40,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 1% ൽ താഴെ മാത്രമാണ് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത് എന്നതിനാൽ പ്രധാന കോളേജുകളെയും സർവ്വകലാശാലകളെയും ശാസ്ത്ര ഗവേഷണത്തിൽ ഉൾപ്പെടുത്താൻ NRF ലക്ഷ്യമിടുന്നു.
ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ രംഗത്ത് ഒരു സുപ്രധാന നാഴികക്കല്ല് ആയിരിക്കും നാഷണൽ റിസർച്ച് ഫൗണ്ടേഷൻ എന്ന കാര്യം തീർച്ചയാണ്. ദേശീയ പ്രാധാന്യമുള്ള ഗവേഷണ മേഖലകൾക്ക് പ്രോത്സാഹനം നൽകുകയും അന്താരാഷ്ട്ര പങ്കാളിത്തം വളർത്തുകയും ചെയ്യുന്നത് വഴി ആഗോളതലത്തിൽ ഇന്ത്യക്ക് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി കഴിയുന്നതാണ്. ശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള വലിയ സാധ്യതകൾ ആണ് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ഇന്ത്യൻ ഗവേഷകർക്ക് തുറന്നു നൽകുന്നത്.
Discussion about this post