ഇസ്ലാമാബാദ്; 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാൽ പാകിസ്താന്റെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് മുന്നറിയിപ്പ് നൽകി, പാക് ദിനപത്രം. പാക് പത്രമായ ഫ്രൈഡേ ടൈംസാണ് പാകിസ്താൻ ഭരണകൂടത്തിന് ലേഖനത്തിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള അധികാര വ്യത്യാസം തുടർച്ചയായി വർദ്ധിച്ച് വരികയാണെന്നും ലേഖനത്തിൽ പറയുന്നു. വരും കാലങ്ങളിൽ പാക് അധീനകശ്മീരിൽ ഇന്ത്യ ആക്രമണാത്മക നിലപാട് സ്വീകരിക്കുമെന്നും പാകിസ്താന് പാക് അധീന കശ്മീരും നഷ്ടപ്പെടുമെന്ന സ്ഥിതിയിലേക്ക് അത് കൊണ്ട് ചെന്നെത്തിക്കുമെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസം, വികസന സാങ്കേതിക വിദ്യ, വിദേശ നിക്ഷേപം എന്നിവയുടെ കാര്യത്തിൽ ഇന്ത്യ പാകിസ്താനേക്കാൾ ഏറെ മുന്നിലാണെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
പത്രത്തിൽ സമീപകാലത്തായി വന്ന ലേഖനങ്ങളിൽ നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മൂന്നാം വരവും, യുഎസ് സന്ദർശനത്തിനിടെ ലഭിച്ച ഊഷ്മള സ്വീകരണവും നിരന്തരം എടുത്തുപറയുന്നുണ്ട്. ഭീകരതയെ കുറിച്ച് യുഎസും ഇന്ത്യയും ചേർന്ന് നടത്തിയ പരാമർശവും പാകിസ്താനെ പേര് എടുത്ത് വിമർശിച്ചതും ഉപദേശിച്ചതും ലേഖനത്തിൽ പ്രതിപാദിക്കുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അധികാര വിടവ് ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, പാശ്ചാത്യ രാജ്യവുമായി ഇടപെടുന്നതിൽ ഇന്ത്യൻ നേതൃത്വത്തിനുള്ള ആത്മവിശ്വാസത്തിന്റെ തോത് വളരുകയാണെന്ന് ലേഖനം ഓർമ്മപ്പെടുത്തുന്നു.ഗോവയിൽ നടന്ന എസ്സിഒ യോഗത്തിന് ശേഷം ”പാകിസ്താന്റെ വിശ്വാസ്യത കുറയുന്ന വിദേശ നാണയ ശേഖരത്തേക്കാൾ വേഗത്തിൽ ചുരുങ്ങുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ പ്രസ്താവനയും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.പാകിസ്താനെ കുറിച്ച് പരാമർശിക്കുമ്പോൾ ഇന്ത്യൻ നേതൃത്വത്തിന്റെ സ്വരത്തിൽ നിന്ന് ധിക്കാരം മണക്കാം. എന്നാൽ വരും ദശകങ്ങളിൽ ലോകത്തെ ഒന്നാം നമ്പർ സമ്പദ്വ്യവസ്ഥയായി മാറാനുള്ള ഉൾക്കാഴ്ച ഇന്ത്യയ്ക്കുണ്ടെന്നും പാകിസ്താനെ ഇനി കാര്യമാക്കുന്നില്ലെന്നും അടിസ്ഥാന യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് ലേഖനം എടുത്തുപറയുന്നു.
44 ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ പാകിസ്താന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ, അതും അടുത്ത നാല് വർഷത്തിനുള്ളിൽ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാവുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയെ എങ്ങനെ പ്രതിയോഗിയായി കണക്കാക്കാനാവും എന്ന ചോദ്യവും ലേഖനം ഉയർത്തുന്നുണ്ട്. സമ്പദ്വ്യവസ്ഥയുടെ വളർച്ചാ നിരക്ക്, പണമയയ്ക്കൽ, നേരിട്ടുള്ള വിദേശ നിക്ഷേപം, പ്രതിശീർഷ വരുമാനം, ഐടി കയറ്റുമതി, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ ഇന്ത്യ പാകിസ്താനേക്കാൾ ഏറെ മുന്നിലാണ്.
ഭരണം, നിയമവാഴ്ച, അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം എന്നീ മേഖലകളിലും ഇന്ത്യ ഏറെ മുന്നിലാണ്. അഞ്ച് പതിറ്റാണ്ട് മുമ്പ്, സാമ്പത്തിക വളർച്ചാ നിരക്ക്, പ്രതിശീർഷ വരുമാനം, രൂപയുടെ മൂല്യം, യുഎസ് ഡോളറിന്റെ മൂല്യം, വിദേശനാണ്യ കരുതൽ ശേഖരം എന്നിവയിൽ പാകിസ്താന്റെ പ്രകടനം ഇന്ത്യയേക്കാൾ മികച്ചതായിരുന്നു. സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിലും അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിലും ഇന്ത്യയുടെ ശ്രദ്ധയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാകിസ്താന്റെപരാജയപ്പെട്ട നേതൃത്വവും ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു എന്നാണ് ഇതിനർത്ഥമെന്ന് ലേഖനം വ്യക്തമാക്കുന്നു.
നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത് പാകിസ്താന്റെ മറ്റൊരു പേടിസ്വപ്നമായിരിക്കും, കാരണം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഇന്ത്യ, പാകിസ്താന്റെ ദേശീയ സുരക്ഷാ പ്രതിസന്ധിക്ക് ആക്കം കൂട്ടും. പാകിസ്താന്റെ ദുർബലമായ സമ്പദ്വ്യവസ്ഥയും ഭരണവും നിയമവാഴ്ചയും നിയന്ത്രണരേഖയിൽ സമ്മർദ്ദം ചെലുത്തുന്നതിന് ഇന്ത്യൻ നേതൃത്വത്തിന് കാര്യമായ ആത്മവിശ്വാസം നൽകും. പാകിസ്താൻ എത്രത്തോളം സാമ്പത്തികമായും രാഷ്ട്രീയമായും തകരുന്നുവോ അത്രയധികം ആത്മവിശ്വാസത്തോടെയാണ് മോദി ഭരണകൂടം ‘പാക് അധിനിവേശ കാശ്മീരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജമ്മുകശ്മീരിനെ പൂർണമായും സ്വന്തമാക്കുന്നത് ഇന്ത്യയുടെ ലക്ഷ്യമായി മാറാമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു. പാക് അധീന കശ്മീരിൽ അനുകൂലമായ അഭിപ്രായം സൃഷ്ടിക്കാൻ ഇന്ത്യ നിയന്ത്രിത ജമ്മുകശ്മീരിലെ വികസനത്തിന്റെ ചിത്രങ്ങൾ ഉപയോഗിക്കുമെന്നും ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Discussion about this post