ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് സമർപ്പിച്ച കുറ്റ പത്രത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. ഹണിട്രാപ്പിൽപ്പെട്ട ശാസ്ത്രജ്ഞൻ പാക് ചാരവനിതയ്ക്ക് കൈമാറിയത് ബ്രഹ്‌മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങളെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. 1,800 പേജുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്.
രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന അതിപ്രധാനമായ മിസൈലുകളെ കുറിച്ചുള്ള വിവരങ്ങൾ പാക് ചാര വനിതയ്ക്ക് ചോർത്തി. വാട്‌സ്ആപ്പ് പോലുള്ള സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് പാക് ചാരവനിതയുമായി ബന്ധപ്പെട്ടത്. ഇവർ നഗ്നദൃശ്യങ്ങൾ അയച്ച് കൊടുത്തതിന് പകരമായിട്ടാണ് ഇന്ത്യയുടെ നിർണായക വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് വിവരം.രാജ്യസുരക്ഷ സംബന്ധിക്കുന്ന ഗൗരവതരമായ വിഷയങ്ങള്‍ പോലും തമാശ രൂപത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് യുവതിയോട് പങ്കുവെച്ചിരുന്നത്.നിര്‍ണായകമായ പല വിവരങ്ങളും യുവതി ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതിന് നല്‍കിയ മറുപടികള്‍ മുദ്രവെച്ച കവറില്‍ എടിഎസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്
സാറ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈൽ സിസ്റ്റങ്ങളുടെയും മാറ്റ് പ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങൾ കൈമാറിയത്. പൂനെയിലെ ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ)യുടെ ഒരു ലാബിന്റെ ഡയറക്ടറായിരുന്നു പ്രദീപിന് മേൽ സഹപ്രവർത്തകർക്ക് തോന്നിയ സംശയമാണ് വലിയ ചാരവൃത്തിയുടെ ചുരുളഴിച്ചത്.
യുകെയിലെ സോഫ്റ്റ്വെയർ എൻജിനീയറെന്നു പരിചയപ്പെടുത്തിയ ചാരവനിതയുടെ ഐപി അഡ്രസ് പാകിസ്താനിൽ നിന്നാണെന്നു കണ്ടെത്തി. ബ്രഹ്‌മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്‌നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനുള്ള നീക്കങ്ങളും പാക്് ഏജന്റിൽ നിന്നുണ്ടായിട്ടുണ്ട്. പ്രദീപിന്റെ ഫോണിലേക്ക് സോഫ്‌റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് അവ നിയന്ത്രണത്തിലാക്കിയും രഹസ്യങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചു.അഗ്നി – 6 പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനെക്കുറിച്ചും അതിന്റെ ടെസ്റ്റിങ് എപ്പോള്‍ നടക്കുമെന്നും അതിന്റെ പദ്ധതികളില്‍ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചുമെല്ലാം യുവതി ചോദിക്കുന്നതും കുരുൽക്കർ മറുപടി നല്‍കുന്നതും ചാറ്റുകളിലുണ്ട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകളൊന്നും തന്നെ, ഉദ്യോഗസ്ഥർ ഫോണിൽ സൂക്ഷിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ഇയാളുടെ ഫോണിൽ മിസൈലുകളുടെ ഘടനയടക്കമുള്ള വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് മേയ് 3ന് കുരുൽക്കറെ ഔദ്യോഗിക രഹസ്യനിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Discussion about this post