ബംഗളൂരു: കർണാടകയിൽ കാണാതായ ജൈന സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആചാര്യൻ ശ്രീ കാമകുമാര നന്ദി മഹാരാജിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച മുതൽ ആയിരുന്നു ജൈന സന്യാസിയെ കാണാതായത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബെലാഗാവിലുള്ള ആശ്രമമായ നന്ദി പർവത ജയ്‌ന ബസതിയിലായിരുന്നു അദ്ദേഹം കഴിഞ്ഞ രണ്ട് ആഴ്ചയായി കഴിഞ്ഞിരുന്നത്. ഇവിടെ നിന്നുമായിരുന്നു അദ്ദേഹത്തെ കാണാതെ ആയത്.
സംഭവത്തിൽ ജൈന സന്യാസിയുമായി ബന്ധമുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇരുവരും സന്യാസിയുടെ കയ്യിൽ നിന്നും പണം കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാതിരിക്കുന്നതിന് വേണ്ടിയാണ് കൊല നടത്തിയിരിക്കുന്നത് എന്നാണ് ഇവർ നൽകിയിരിക്കുന്ന മൊഴിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post