ഡൽഹി: സർക്കാർ തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കുന്നതിന് കെജ്‌രിവാൾ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് ബിജെപി രാജ്യസഭാ എംപി സുധാംശു ത്രിവേദി. എക്‌സൈസ് നയ അഴിമതിയിൽ നിരവധി ആരോപണങ്ങൾ നേരിടുന്നതിനിടയിലാണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ ഈ പ്രവർത്തനം.
ബിജെപിയുടെ ഡൽഹി തലവൻ വീരേന്ദ്ര സച്ച്‌ദേവയുമൊത്ത് ശനിയാഴ്ച ചേർന്ന പത്രസമ്മേളനത്തിലാണ് ത്രിവേദി ഈ കാര്യം പറഞ്ഞത്.
ആം ആദ്മി പ്രവർത്തകരെ സർക്കാർ ജോലികളിൽ നിയമിക്കുകയാണെന്നും, അതിന് പ്രത്യുപകാരമായി ഈ തൊഴിലാളികൾ പാർട്ടിക്ക് ആനുകൂലമായി അവരുടെ സർക്കാർ പദവികൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു. പൊതുപണം കൊണ്ട് കൊട്ടാരം പണിത മുഖ്യമന്ത്രി ഇപ്പോൾ പാർട്ടി പ്രവർത്തകരെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കുകയാണെന്ന് ത്രിവേദി ആരോപിച്ചു.
സർക്കാർ ബംഗ്ലാവുകളിലേക്ക് മാറില്ലെന്നും ബീക്കണുകളുള്ള ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞ അതേ പാർട്ടിയാണ് ഇപ്പോൾ സർക്കാരിന്റെ പണം ദുരുപയോഗം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 437 നിയമനങ്ങൾ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അസാധുവാക്കിയെന്ന് ഡൽഹി ബിജെപി തലവൻ സച്ച്‌ദേവ പറഞ്ഞു. ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്ന 116 പേരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോളാണ് അവരുടെ ദുഷ്‌പ്രവൃത്തികൾ പൊതുജനങ്ങൾ അറിയുമെന്ന് ഭയന്ന് അവർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കിയത്. ഈ ആളുകൾ സർക്കാർ ജോലിയിലിരുന്ന് ലക്ഷങ്ങൾ സമ്പാദിക്കുകയാണെന്നും വരുമാനത്തിന്റെ വലിയ ശതമാനം പാർട്ടിയിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഎപി പ്രവർത്തകർക്ക് ജോലി നൽകുന്നതിന് മുമ്പ് ഭരണഘടനാപരമായ അനുമതി വാങ്ങിയോ എന്ന് കെജ്‌രിവാളിനോട് അദ്ദേഹം ചോദിച്ചു. ഉചിതമായ അധികാരിയുടെ അനുമതിയില്ലാതെ ഡൽഹി സർക്കാരിന് ജോലി നൽകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഎപിയുടെ കീഴിലുള്ള എല്ലാ വകുപ്പുകളിലും അഴിമതി ഉണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post