ധാക്ക: മലയാളി താരം മിന്നു മണിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം കൊണ്ട് ശ്രദ്ധേയമായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകർത്തത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ബംഗ്ലാദേശിന് മേൽ മിന്നു മണി ആദ്യ പ്രഹരമേൽപ്പിച്ചു. 17 റൺസെടുത്ത ഷമീമ സുൽത്താനയെ ജെമീമ റോഡ്രിഗസിന്റെ കൈകളിൽ എത്തിച്ചാണ് മിന്നു മണി ഒരു മലയാളി വനിതാ താരത്തിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്.
ഇന്ത്യയുടെ മികച്ച ബൗളിംഗിന് മുന്നിൽ പതറിയ ബംഗ്ലാദേശ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് മാത്രമാണ് എടുത്തത്. 28 റൺസുമായി പുറത്താകാതെ നിന്ന ഷോർന അക്തറാണ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി മിന്നുവിന് പുറമേ പൂജ വസ്ത്രകാർ, ഷഫാലി വർമ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 3 ഓവറിൽ 21 റൺസ് വഴങ്ങിയാണ് മിന്നു മണി ഒരു വിക്കറ്റെടുത്തത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ ഹർമൻപ്രീത് കൗർ 35 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ സ്മൃതി മന്ഥാന 38 റൺസെടുത്തു. 16.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 118 റൺസടിച്ച് ഇന്ത്യ വിജയം ആഘോഷിച്ചു.
Discussion about this post