ന്യൂഡൽഹി: ഭൂമി വാങ്ങി സർക്കാർ സ്‌കൂളുകളിൽ അദ്ധ്യാപക നിയമനം നടത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയ്ക്ക് കനത്ത തിരിച്ചടിയുമായി സുപ്രീംകോടതി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേത് ആയിരുന്നു നിർണായക വിധി.
നിലവിൽ കേസുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയുമാണ് അന്വേഷണം നടത്തുന്നത്. ഈ അന്വേഷണം നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിട്ടുള്ളത്. എന്നാൽ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. അന്വേഷണത്തിനെതിരെ അഭിഷേകിന് മുഴുവൻ നിയമ സാദ്ധ്യതകളും തേടാമെന്നും കോടതി വ്യക്തമാക്കി. ‘കേസിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല. അതേസമയം ഹർജിക്കാരന് നിയമത്തിന്റെ മുഴുവൻ സാദ്ധ്യതകളും പ്രയോജനപ്പെടുത്താം’- ഇതായിരുന്നു കോടതി പറഞ്ഞത്.
കൊൽക്കത്ത ഹൈക്കോടതി മെയ് 18 ന് അഭിഷേക് ബാനർജിയ്‌ക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികൾക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് അഭിഷേക് ബാനർജി സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post