ബംഗളൂരു : പ്രശസ്ത ശാസ്ത്രജ്ഞനും മുൻ ഐഎസ്ആർഒ മേധാവിയുമായ ഡോ. കെ കസ്തൂരിരംഗന് ഹൃദയാഘാതം. ശ്രീലങ്കയിൽ വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ അടിയന്തിരമായി എയർലിഫ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിച്ചു.
ബംഗളൂരുവിലെ നാരായണ ഹൃദയാലയ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഡോ. ദേവി ഷെട്ടി അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. 83 കാരനായ ശാസ്ത്രജ്ഞന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം.
ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ശ്രീലങ്കയിൽ എത്തിയത്. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ കസ്തൂരിരംഗന് ശ്രീലങ്കയിൽ വച്ച് ഹൃദയാഘാതം ഉണ്ടായി എന്നറിയുന്നതിൽ ദുഃഖമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അദ്ദേഹം വേഗം സുഖം പ്രാപിച്ച് ആരോഗ്യവാനായിരിക്കട്ടെ എന്നും സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.
ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വമാണ് ഡോ കസ്തൂരിരംഗൻ. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ രൂപീകരിച്ചത് അദ്ദേഹമാണ്. വിവിധ മേഖലകളിലെ സംഭാവനകൾക്കായി അദ്ദേഹത്തെ രാജ്യം പത്മവിഭൂഷണും, പത്മഭൂഷണും, പത്മശ്രീയും നൽകി ആദരിച്ചു.
Discussion about this post