ന്യൂഡൽഹി : ഈയാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കാനിരിക്കുന്ന ചന്ദ്രയാൻ-3 ദൗത്യത്തോടെ ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയടുത്ത് നടത്തിയ യുഎസ് സന്ദർശനത്തിൽ ബഹിരാകാശവുമായി ബന്ധപ്പെട്ട ചില സുപ്രധാന കരാറുകൾ കൊണ്ടാണ് പ്രസക്തമായത് എന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യയ്ക്ക് വളരെ മുമ്പുതന്നെ ബഹിരാകാശ യാത്ര ആരംഭിച്ച രാജ്യങ്ങൾ ഇന്ന് ഇന്ത്യയെ ഒരു തുല്യ സഹയാത്രികനെ പോലെ ഉറ്റുനോക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻകീഴിൽ നമ്മുടെ ബഹിരാകാശ വൈദഗ്ധ്യത്തിൽ ഇത്രയധികം വർദ്ധനയുണ്ടായതിന് ശേഷം ചന്ദ്രനിലേക്കുള്ള യാത്രയിൽ ഇന്ത്യക്ക് പിന്നോട്ട് പോകാനാവില്ല എന്നും മന്ത്രി പറഞ്ഞു.
ചന്ദ്രയാൻ-2-ന്റെ ഫോളോ-ഓൺ ദൗത്യമാണ് ചന്ദ്രയാൻ -3. ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിംഗിലും കറങ്ങുന്നതിലും ഇന്ത്യയുടെ കഴിവ് പ്രകടിപ്പിക്കുകയാണ് ചന്ദ്രയാൻ -3 ലക്ഷ്യമിടുന്നതെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. ബഹിരാകാശ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിന് ആവശ്യമായ സങ്കീർണ്ണമായ മിഷൻ പ്രൊഫൈൽ വളരെ കൃത്യമായി നിർവ്വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. “ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയതിന് ശേഷം, ആറ് ചക്രങ്ങളുള്ള റോവർ പുറത്തുവരും. ഇത് ചന്ദ്രനിൽ 14 ദിവസം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോവറിലെ ഒന്നിലധികം ക്യാമറകൾ വഴി നമുക്ക് ചിത്രങ്ങൾ പകർത്താൻ കഴിയും” ജിതേന്ദ്ര സിംഗ് പറഞ്ഞു.
ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് മികച്ച തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്തതിനും പൊതു സ്വകാര്യ പങ്കാളിത്തത്തിനായി ബഹിരാകാശ മേഖലയെ തുറന്നു കൊടുത്തതു പോലെയുള്ള ഏറ്റവും മികച്ച തീരുമാനങ്ങൾ കൈക്കൊണ്ടതിനും മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആണെന്നാണ് ജിതേന്ദ്ര സിംഗിന്റെ അഭിപ്രായം. നിലവിലെ വളർച്ചയുടെ പാതയെ അടിസ്ഥാനമാക്കി, ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് വരും വർഷങ്ങളിൽ 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ചന്ദ്രയാൻ ദൗത്യങ്ങളുടെ പരമ്പരയിലെ ആദ്യത്തേതായ ചന്ദ്രയാൻ -1 – ചന്ദ്രന്റെ ഉപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിന്റെ ബഹുമതി നേടിയിരുന്നു. ഇത് ലോകത്തിനും പ്രമുഖ ബഹിരാകാശ ഏജൻസികൾക്കും ഒരു പുതിയ വെളിപ്പെടുത്തലായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. യുഎസിന്റെ നാസ (നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ) ഈ കണ്ടെത്തലിൽ ആകൃഷ്ടരാകുകയും അവരുടെ തുടർ പരീക്ഷണങ്ങൾക്കായി നമ്മുടെ ഇൻപുട്ടുകൾ ഉപയോഗിക്കുകയും ചെയ്തു. ചന്ദ്രയാൻ -3 ലാൻഡറിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിന് കുറച്ച് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ചന്ദ്രയാൻ -3 ലാൻഡർ, റോവർ മൊഡ്യൂൾ പേലോഡുകൾ ഉപയോഗിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. അത് ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും വിവിധ ഗുണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്ര സമൂഹത്തിന് നൽകുന്നതാണ്. ചന്ദ്രയാൻ -3 വിക്ഷേപണത്തിനായി ഐഎസ്ആർഒ വികസിപ്പിച്ച ലോഞ്ച് വെഹിക്കിൾ മാർക്ക്-3 ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post