ഗാസിയാബാദ്: ഗാസിയാബാദിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കുട്ടികളടക്കം ആറ്‌പേർ മരിച്ചു. ഡൽഹി-മീററ്റ് പാതയിൽ ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു അപകടം.
ബാൽ ഭാരത് സ്‌കൂളിലെ ബസും മീററ്റിൽ നിന്ന് ഗുരുഗ്രാമിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായിരുന്ന എട്ട് പേരിൽ ആറ് പേരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ കുട്ടികൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. ബസ് ഡ്രൈവറെ പിടികൂടിയതായും ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പ്രതാപ്ഗർഗിൽ ടാങ്കറും ടെമ്പോയും കൂട്ടിയിടിച്ച് ഒൻപതുപേർ മരിച്ചിരുന്നു. ലക്‌നൗ – വാരണാസി ദേശീയപാതയിലായിരുന്നു സംഭവം.









