ഹൈദരാബാദ്: ഇന്ത്യയിലും വിദേശത്തും കോടികൾ കൊയ്ത് ഓസ്കർ വേദിയിൽ വരെ രാജ്യത്തിന്റെ അഭിമാനമായി മാറിയ ബ്രഹ്മാണ്ഡ ചലച്ചിത്രം ആർ ആർ ആറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. രണ്ടാം ഭാഗത്തിലും രാം ചരണും ജൂനിയർ എൻടിആറും തന്നെയാകും പ്രധാന റോളുകളിൽ എത്തുക. എന്നാൽ രണ്ടാം ഭാഗത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി ആയിരിക്കില്ല എന്ന സൂചനയാണ് വിജയേന്ദ്ര പ്രസാദ് നൽകുന്നത്.
സ്വാതന്ത്ര്യപൂർവ തെലുങ്ക് ചരിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തന്നെയായിരിക്കും ആർ ആർ ആർ രണ്ടാം ഭാഗവും എത്തുക. എന്നാൽ ചിത്രം സംവിധാനം ചെയ്യുന്നത് രാജമൗലി ആയിരിക്കില്ല. സംവിധാന മേൽനോട്ടം മാത്രമായിരിക്കും രാജമൗലി നിർവഹിക്കുക എന്നാണ് വിജയേന്ദ്ര പ്രസാദ് ചാനൽ അഭിമുഖത്തിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യാന ജോൺസ് പരമ്പരയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മഹേഷ് ബാബുവിനെ നായകനാക്കി ചെയ്യുന്ന ബഹുഭാഷാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പണിപ്പുരയിലാണ് നിലവിൽ എസ് എസ് രാജമൗലി. അതിന് ശേഷം ഇതിഹാസ കാവ്യം മഹാഭാരതമാകും അദ്ദേഹം വെള്ളിത്തിരയിൽ എത്തിക്കുക. പത്ത് ഭാഗങ്ങളിലായിരിക്കും മഹാഭാരതം ഒരുങ്ങുന്നത്.
എസ് എസ് രാജമൗലി എന്ന ക്ലാസ് ചലച്ചിത്രകാരന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു ആർ ആർ ആർ. ഇതിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് അദ്ദേഹമായിരിക്കില്ല എന്ന വാർത്തയോട് ആരാധകർ എപ്രകാരം പ്രതികരിക്കും എന്നത് വ്യക്തമല്ല. എന്നാൽ വിജയേന്ദ്ര പ്രസാദ് എന്ന എഴുത്തുകാരനിൽ വിശ്വാസമുണ്ടെന്നും, സംവിധാന മേൽനോട്ടം രാജമൗലി ആയിരിക്കും എന്നതും പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ് എന്നാണ് ആർ ആർ ആർ ആരാധകരിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
Discussion about this post