അമരാവതി : ആന്ധ്രാ പ്രദേശിൽ ബസ് മറിഞ്ഞ് 7 മരണം. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച രാവിലെ ദർശിയിലെ സാഗർ കനാലിലേക്ക് ബസ് മറിഞ്ഞായിരുന്നു അപകടം. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. വിവാഹ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ.
പോടിലി, കാകിനട റൂട്ടിൽ സഞ്ചരിച്ച ബസിൽ വിവാഹത്തിൽ പങ്കെടുത്തവർ ഉൾപ്പടെ 37 പേർ ഉണ്ടായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. വിവാഹത്തിനായി വാടകക്കെടുത്ത ആർ ടി സി ബസാണ് അപകടത്തിൽ പെട്ടത്.
അബ്ദുൾ അസീസ്(65), അബ്ദുൾ ഹാനി(60), ഷൈക്ക് സബീന(35),ഷൈക്ക റമീസ്(48),മുല്ല നൂർജഹാൻ(58),മുല്ല ജാനി ബീഗം(65), ഷൈക്ക് ഹീന(6) എന്നിവർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്കേറ്റവർ ദർശി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post