മുംബൈ : ജീവനാംശം നൽകുന്നതിനൊപ്പം ഭാര്യയ്ക്കും വളർത്തുനായ്ക്കൾക്കും സംരക്ഷണത്തിനുള്ള തുക കൂടി നൽകണമെന്ന് ബാന്ദ്ര മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേറ്റ് കോടതി. ഭാര്യയുടെയും വളർത്തുനായ്ക്കളുടെയും സംരക്ഷണത്തിനുള്ള തുക കൂടി ഈടാക്കരുതെന്നാവശ്യപ്പെട്ട് വിവാഹിതമോചിതനായ ഭർത്താവ് നൽകിയ
ഹർജി തള്ളിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. വളർത്തുമൃഗങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. ബന്ധങ്ങളിലെ തകർച്ച മൂലമുണ്ടാകുന്ന വൈകാരിക അസന്തുലിതാവസ്ഥ പരിഹരിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ അവ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
55 കാരിയായ വനിത സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ജീവിതത്തിന്റെ ഒരു നിർണായക ഘടകമാണ് വളർത്തുമൃഗങ്ങൾ എന്നും കോടതി വ്യക്തമാക്കി.
1986 ൽ വിവാഹിതരായ ദമ്പതികൾ 2021 ലാണ് പിരിഞ്ഞത്. ഇവരുടെ രണ്ട് പെൺമക്കളും വിദേശത്താണ്. ഭർത്താവിനെതിരെ ഗാർഹിക പീഡനം ആരോപിച്ചാണ് ഇവർ വേർപിരിഞ്ഞത്.
തനിക്ക് വരുമാനമാർഗമില്ലെന്നും ആരോഗ്യനില മോശമാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഇടക്കാല ജീവനാംശം ആവശ്യപ്പെട്ടത്. തന്നെ ആശ്രയിച്ച് കഴിയുന്ന മൂന്ന് റോട്ട് വീലർ നായ്ക്കൾ തനിക്കുണ്ടെന്നും അവർ കോടതിയെ അറിയിച്ചു. പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
ബന്ധം തകർന്നതിന് ശേഷം വളർത്തുമൃഗങ്ങൾ വൈകാരികമായി സഹായിക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തി. വളർത്തു നായ്ക്കളുടെ പരിപാലനം കുറയ്ക്കണമെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി. ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നൽകണമെന്നും ഭർത്താവിനോടു കോടതി നിർദേശിച്ചു.
Discussion about this post