ന്യൂഡൽഹി: 1978 ലെ 207.49 മീറ്ററെന്ന സർവ്വകാല റെക്കോർഡ് ഭേദിച്ച് യമുനയിലെ ജലനിരപ്പ് 207.71 മീറ്ററിലെത്തിയിരിക്കുന്നു. തലസ്ഥാനം വെള്ളപ്പൊക്ക ഭീതിയിലാണിപ്പോൾ. ജലനിരപ്പിനിയും ഉയരാനാണ് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ദുരന്തബാധിത മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി പോലീസ്.
നഗരം ഏതുനിമിഷത്തിലും വെള്ളത്തിലാകുമെന്നും ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം ഒഴുക്കിവിടുന്നതാണ് യമുനയിലെ ജലനിരപ്പുയരാൻ കാരണമെന്നും കാണിച്ച് അരവിന്ദ് കെജ്രിവാൾ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതി. അണക്കെട്ടിൽ നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് അടിയന്തരമായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യമുനയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് അദ്ദേഹം അടിയന്തര യോഗം ചേരുകയും നദിക്കരികിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാനും ആവശ്യപ്പെട്ടു.
നദിയിൽ നിന്നും കരകവിഞ്ഞൊഴുകിയ വെള്ളം നഗരത്തിലെ താമസക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കാശ്മീരി ഗേറ്റിനും റിംഗ് റോഡിനും അടുത്തുള്ള മോണാസ്റ്ററി മാർക്കറ്റിൽ വെള്ളം കയറിയതുകാരണം അവിടത്തെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. റിംഗ് റോഡിലേക്ക് ഒഴികിയ വെള്ളം കൂടുതൽ ഒഴുകുന്നത് തടയാൻ അധികൃതർ മണൽ ചാക്കുകൾ ഇട്ടിട്ടുണ്ട്.
വരുന്ന ആഴ്ചകളിൽ ഡൽഹിയിൽ ജീ-20 ഉച്ചകോടി നടക്കാൻ പോകുകയാണെന്നും രാജ്യതലസ്ഥാനത്ത് പ്രളയമുണ്ടായാൽ അത് ലോകത്തിന് നല്ല സന്ദേശമായിരിക്കില്ല നൽകുന്നതെന്നും അദ്ദേഹം അമിത് ഷായ്ക്ക് അയച്ച കത്തിൽ പറഞ്ഞു. അണക്കെട്ടിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാഹചര്യം നേരിടാൻ സർക്കാർ തയ്യാറാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഡൽഹി ജലമന്ത്രി സൗരഭ് ഭരദ്വാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രളയ ഭീഷണിയുള്ള പ്രദേശങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ എല്ലാ പോലീസ് സ്റ്റേഷനിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Discussion about this post