ന്യൂഡൽഹി:പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഫ്രാൻസ്-യുഎഇ സന്ദർശനത്തിന് ഇന്ന് തുടക്കം. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയാകും. പരേഡിൽ ഇന്ത്യയുടെ കര, നാവിക, വ്യോമസേനാംഗങ്ങളും ഭാഗമാകും. സന്ദർശന വേളയിൽ നാവിക സേനയ്ക്കുള്ള 26 റാഫേൽ യുദ്ധവിമാനങ്ങൾക്കായുള്ള കരാറിലും പ്രധാനമന്ത്രി ഒപ്പിടും. പ്രതിരോധം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിലുൾപ്പെടെ ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും.
ഇന്ന് പാരീസിൽ എത്തുന്ന പ്രധാനമന്ത്രി സെനറ്റ്, നാഷണൽ അസംബ്ലി പ്രസിഡന്റുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിക്ക് വേണ്ടി ഇമ്മാനുവൽ മാക്രോൺ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നാളെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ഫ്രാൻസിലെ ഇന്ത്യൻ പ്രവാസികൾ, ഇന്ത്യൻ, ഫ്രഞ്ച് കമ്പനികളുടെ മേധാവിമാർ, പ്രമുഖ വ്യക്തികൾ എന്നിവരുമായി പ്രധാനമന്ത്രി സംവദിക്കുന്നുണ്ട്.
നാവിക സേനയ്ക്കുവേണ്ടി 26 റഫാൽ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും ഫ്രാൻസിൽനിന്ന് വാങ്ങാനും തീരുമാനമായിട്ടുണ്ട്. 90,000 കോടിയോളം രൂപ ഏറ്റെടുക്കലിന് ചെലവുവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post