ന്യൂഡൽഹി: വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ ശക്തമാക്കി ബിജെപി. അതിനായി പാർട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന ലോക് സഭ പ്രവാസ് യോജന യോഗത്തിൽ ഈ വർഷം ഒക്ടോബർ വരെയുള്ള കർമ്മ പദ്ധതി തയ്യാറാക്കി. ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, സുനിൽ ബൻസാൽ, പാർട്ടി നേതാക്കളായ ഹരിഷ് ദ്വിവേദി, സാമ്പിത് പത്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു. ലോക് സഭ പ്രവാസ് യോജനയുടെ ചുമതലയുള്ള പാർട്ടി നേതാക്കൾ, ലോക് സഭാ ക്ലസ്റ്റർ ഭാരവാഹികൾ, സംസ്ഥാനങ്ങളിൽ നിന്നുള്ള നിരീക്ഷകർ, കൺവീനർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ലോക്സഭ പ്രവാസ് യോജനയെ കുറിച്ചുള്ള പ്രതികരണങ്ങളും മുൻപോട്ടുള്ള പദ്ധതികളുമാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. യോഗത്തിൽ ഒക്ടോബർ വരെയുള്ള കര്‍മ്മപരിപാടികൾ തീരുമാനിക്കുകയും ക്ലസ്റ്റർ ഭാരവാഹികൾക്ക് ഉത്തരവാദിത്തങ്ങൾ നൽകുകയും ചെയ്തു.
ആളുകളുമായി അടിത്തട്ടിൽ ദൃഢമായ ബന്ധം സ്ഥാപിക്കണമെന്നും വ്യത്യസ്ത കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരണമെന്നും ക്ലസ്റ്റർ ഭാരവാഹികളോട് അദ്ദേഹം പറഞ്ഞു. 160 സീറ്റുകളിലാണ് ബിജെപി ദുർബലമായിട്ടുള്ളത്. ഈ സീറ്റുകളിൽ പാർട്ടിയുടെ സാധ്യത വർദ്ധിപ്പിക്കാനാണ് ലോക് സഭ പ്രവാസ് യോജന ലക്ഷ്യമിടുന്നത്.
2024ലെ ലോകസഭ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളും മീറ്റിങ്ങിൽ ചർച്ച ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അങ്കത്തെ നേരിടാനുള്ള തന്ത്രങ്ങൾ മെനയാൻ ഇത്തരത്തിലുള്ള യോഗങ്ങൾ കൂടുതലായി സംഘടിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്..
2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികവു തെളിയിക്കാൻ സാധിക്കാതെപോയ സീറ്റുകളിലും ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട സീറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ലോക് സഭ പ്രവാസ് യോജന. പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും അണിനിരത്താനും ആളുകൾക്കിടയിൽ സമ്പര്‍ക്കം വർദ്ധിപ്പിക്കാനും ‘മണ്ഡലങ്ങളുടെ ഒരു കൂട്ടം’ എന്ന ആശയം ആവിഷ്കരിച്ചിരിക്കുകയാണ് ബിജെപി.
Discussion about this post